ആലപ്പുഴ- ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 ല്‍ 19 സീറ്റില്‍ വിജയിച്ചപ്പോഴും യുഡിഎഫിന് നഷ്ടപ്പെട്ട ഏക സീറ്റായിരുന്നു ആലപ്പുഴ. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെ 9096 വോട്ടിന് പരാജയപ്പെടുത്തിയ എഎം ആരിഫായിരുന്നു കേരളത്തില്‍ നിന്ന് വിജയിച്ച് ലോക്‌സഭയില്‍ എത്തിയ ഏക ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. എഎം ആരിഫ് ലോക്‌സഭയില്‍ എത്തിയതോടെ അരൂര്‍ നിയോജക മണ്ഡലത്തില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയും ചെയ്തു. വിജ്ഞാപനം ഒന്നും ഇതുവരെ വന്നില്ലെങ്കിലും ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ് മുന്നണികള്‍. സീറ്റ് പിടിച്ചെടുക്കാനും വിട്ടുകൊടുക്കാതിരിക്കാനുമുള്ള തന്ത്രങ്ങള്‍ അണിയറയില്‍ സജീവമായി ഒരുക്കുന്നുണ്ട് ഇരുമുന്നണികളും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ മേല്‍കൈ നിലനിര്‍ത്തി സീറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ഷാനിമോള്‍ ഉസ്മാനെ രംഗത്തിറക്കുക വഴി അനുകൂല തരംഗം ഉപയോഗപ്പെടുത്താനുമാവും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സാഹചര്യമായിരിക്കില്ല നിയമസഭാ ഉപതിരഞ്ഞെടുപ്പിലെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ആറ് ഉപതിരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ ഏക സീറ്റിങ് സീറ്റായ അരൂര്‍ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന നിലപാടിലാണ് എല്‍ഡിഎഫ്.