മുംബൈ/കണ്ണൂര്‍- വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന ബിഹാര്‍ യുവതിയുടെ പരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച. മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതിയാണ് ബിനോയ് നല്‍കിയ ജാമ്യാപേക്ഷ പരിഗണിച്ചത്. ബിനോയിയെ അറസ്റ്റുചെയ്യാന്‍ മുംബൈ പോലീസ് കേരളത്തിലെത്തിയതിനിടെയാണ് ബിനോയി മൂന്‍കൂര്‍ ജാമ്യംതേടി മുംബൈയിലെ കോടതിയെ സമീപിച്ചത്.
മുംബൈ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അശോക് ഗുപ്തയാണ് ബിനോയിക്കുവേണ്ടി ഹാജരായത്. കെട്ടിച്ചമച്ച കേസാണിതെന്ന് ജാമ്യേപക്ഷ പരിഗണിക്കവെ അഭിഭാഷകന്‍ വാദിച്ചു.
ബലാത്സംഗ ആരോപണവും കേസിലെ എഫ്.ഐ.ആറും നിലനില്‍ക്കില്ലെന്നും പണത്തിനുവേണ്ടി കെട്ടിച്ചമച്ച കേസാണിതെന്നും അദ്ദേഹം വാദമുന്നയിച്ചു.
വിവാഹ വാഗ്ദാനം നല്‍കിയെങ്കില്‍ പിന്നെ എങ്ങനെ പീഡന പരാതി നിലനില്‍ക്കും. യുവതിയെ വിവാഹം ചെയ്തുവെന്ന് പറയുന്ന ദിവസം ബിനോയ് മുംബൈയില്‍ ഉണ്ടായിരുന്നില്ല. 2009 മുതല്‍ 2015 വരെ ഇരുവരും തമ്മില്‍ ബന്ധം ഉണ്ടായിരുന്നുവെന്ന് പറയുന്ന പരാതിക്കാരി 2019 നു മുമ്പ് എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്നും അഭിഭാഷകന്‍ ചോദിച്ചു.
അതേസമയം, ബിനോയിക്കെതിരെ കൃതമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇരുവരും മുംബൈയിലെ ഫ്‌ളാറ്റില്‍ താമസിച്ചതിന് വ്യക്തമായ തെളിവുണ്ട്. ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
അതിനിടെ, മുംബൈയില്‍നിന്നെത്തിയ പോലീസ് സംഘം കണ്ണൂരില്‍ തുടരുകയാണ്. ബിനോയിയെ കസ്റ്റഡിയിലെടുക്കുന്നതിനെത്തിയ അന്ധേരി ഓഷിവാര പോലീസ് സംഘം കേരള പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ബിനോയിയെ കണ്ടെത്താനായിട്ടില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ബിനോയിക്ക് നോട്ടീസ് കൈമാറുന്നതിനായി വീടിനു കാവല്‍നില്‍ക്കുന്ന പോലീസുകാരെ ഏല്‍പിച്ച പോലീസ് സംഘം തിരുവനന്തപുരത്തേക്ക് പോകുമെന്ന് പറയുന്നു. ജാമ്യാപേക്ഷയില്‍ കോടതി തീരുമാനമെടുക്കുംവരെ ബിനോയിയുടെ അറസ്റ്റ് ഉണ്ടാകില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.