ന്യൂദൽഹി - മുത്വലാഖ് നിയമ വിരുദ്ധമാക്കാനുള്ള പുതിയ ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. മുൻ ബിജെപി സർക്കാർ ഫെബ്രുവരിയിൽ പുറപ്പെടുവിച്ച ഓർഡിനൻസിന് പകരം 2019 ലെ മുസ്ലിം സ്ത്രീ നിയമം (വിവാഹ അവകാശങ്ങൾ സംരക്ഷിക്കൽ) എന്നായിരിക്കും ബിൽ പ്രാബല്യത്തിൽ വരിക. നേരത്തെ രാജ്യസഭയിൽ ബിൽ പാസായിരുന്നില്ല.
ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയിലെ ആറ് പാർലമെന്റ് അംഗങ്ങളിൽ നാലുപേരും വ്യാഴാഴ്ച ബിജെപിയിൽ ചേർന്നതോടെ, എൻ.ഡി.എയ്ക്ക് 102 അംഗങ്ങൾ മാത്രമുള്ള രാജ്യസഭയിൽ, ബിജെപിയുടെ ശക്തി അല്പം വർദ്ധിക്കും. കഴിഞ്ഞ മാസം പതിനാറാമത് ലോക്സഭ പിരിച്ചുവിട്ടപ്പോൾ, മുത്വലാഖ് ബിൽ രാജ്യസഭയിൽ തീർപ്പുകൽപ്പിക്കാതെയാണ് അവസാനിച്ചത്
മുത്വലാഖ് ചെയ്യുന്ന മുസ്ലീം പുരുഷന്മാർക്ക് മൂന്നുവർഷത്തെ തടവ് ശിക്ഷ നൽകുന്ന ബിൽ കഴിഞ്ഞ വർഷം ഡിസംബറിൽ ലോക്സഭ പാസാക്കിയിരുന്നു.എന്നാൽ, ഉപരിസഭയിൽ ഭൂരിപക്ഷമുള്ള പ്രതിപക്ഷ പാർട്ടികൾ ഇത് കൂടുതൽ പരിശോധനയ്ക്കായി പാർലമെൻറ് സെലക്ട് കമ്മിറ്റിക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെടുകയും സർക്കാർ ആവശ്യം നിരസിക്കുകയും ചെയ്തതിനാൽ ബിൽ പാസാക്കാൻ കഴിഞ്ഞില്ല.
മുത്വലാഖ് ബില്ലിന് പാർട്ടി പിന്തുണ നൽകില്ലെന്ന് എൻ.ഡി.എ യുടെ സഖ്യകക്ഷിയായ നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡ് പ്രഖ്യാപിച്ചിരുന്നു. ജഗൻ മോഹൻ റെഡ്ഡിയുടെ വൈ എസ് ആർ കോൺഗ്രസ് പാർട്ടിയും നവീൻ പട്നായിക്കിന്റെ ബിജു ജനതാദളും ബില്ലിനെ പിന്തുണക്കില്ല. കോൺഗ്രസ് ഉൾപ്പെടെയുള്ള മിക്ക പ്രതിപക്ഷ പാർട്ടികളും ഭർത്താവിന് ജയിൽ ശിക്ഷ പോലുള്ള കർശന വ്യവസ്ഥകളെ എതിർത്തിരുന്നു. അടിസ്ഥാനപരമായി സിവിൽ സ്വഭാവമുള്ള ഒരു ആഭ്യന്തര പ്രശ്‌നത്തിൽ ശിക്ഷാനടപടി ഏർപ്പെടുത്താൻ കഴിയില്ലെന്നും നിലവിലെ രൂപത്തിൽ മുസ്‌ലിങ്ങൾ ഇരയാക്കപ്പെടുമെന്നും അവർ വാദിച്ചിരുന്നു.