വാഷിങ്ടൺ - ആഗോള താപനത്തിന്റെ ഫലമായി ഹിമാലയത്തിലെ മഞ്ഞുമലകൾ അതിവേഗം ഉരുകിക്കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങൾ. 1975 മുതൽ 2000 വരെയുള്ള കണക്കുകളുമായി താരതമ്യം ചെയ്താൽ 2000 നു ശേഷമുള്ള ഉരുകലിൻറെ തോത് ഇരട്ടിയായതായി കണ്ടെത്തി.
ഇന്ത്യ, ചൈന, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയിടങ്ങളിൽ നിന്ന് 2000 കിലോ മീറ്ററിനുള്ളിൽ വരുന്ന 650 ഹിമ പർവതങ്ങളുടെ 40 വർഷങ്ങളിലെ സാറ്റലൈറ്റ് ചിത്രങ്ങൾ താരതമ്യം ചെയ്താണ് പഠന നടത്തിയത്. ഹിമാലയത്തിൽ 60,000 കോടി ടൺ മഞ്ഞുണ്ടാകുമെന്നാണ് കണക്കുകൾ. 2000 വരെ വർഷം തോറും ശരാശരി 25 സെ.മീ വരെ ഉയരത്തിൽ മഞ്ഞുരുകി പോയി.
2000 നു ശേഷം 50 സെ.മീ വരെ ഉയരത്തിലാണ് മഞ്ഞുരുകുന്നത്. ആഗോള താപനില അതിനു ശേഷം ഒരു ഡിഗ്രി സെൽഷ്യസ് കൂടിയാണ് കാരണം. ഇങ്ങനെ പോയാൽ, ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിലെ ജനങ്ങൾക്ക് ഭാവിയിൽ ശുദ്ധജലം മുടങ്ങാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഏഷ്യൻ രാജ്യങ്ങളിലെ പരിസ്ഥിതി മലിനീകരണമാണ് ആഗോള താപനില കൂടാൻ കാരണമായി പാശ്ചാത്യ ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.