കണ്ണൂര്‍- വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ യുവതി സമര്‍പ്പിച്ച തെളിവുകള്‍ മുംബൈ പോലീസ് ഫോറന്‍സിക് പരിശോധനക്ക് അയക്കും.
പരാതിയില്‍ ഉറച്ചുനില്‍ക്കുന്ന യുവതി കഴിഞ്ഞ ദിവസം കൂടുതല്‍ തെളിവുകള്‍ പോലീസിനു കൈമാറിയിരുന്നു. മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ വീണ്ടും ഹാജരായ യുവതി ഫോണ്‍ കോള്‍ റിക്കോര്‍ഡുകള്‍, ഒന്നിച്ചുള്ള ചിത്രങ്ങള്‍, വിഡിയോകള്‍ തുടങ്ങിയവയാണ് കൈമാറിയത്.
കണ്ണൂരിലെത്തിയ മുംബൈ പോലീസ് സംഘത്തിന് ബിനോയിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ടു നോട്ടിസ് നല്‍കാന്‍ തലശ്ശേരിയിലെയും തിരുവങ്ങാട്ടെയും ന്യൂമാഹിയിലെയും വീടുകളില്‍ പോലീസ് സംഘം എത്തിയിരുന്നു. വീടുകള്‍ പൂട്ടിയിട്ടിരിക്കുകയാണ്. ഒളിവില്‍ പോയ ബിനോയിടുെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മൂന്ന് ദിവസമായി കണ്ണൂരിലുള്ള മുംബൈ പോലീസ് തിരുവനന്തപുരത്തേക്കു പോകും.
കണ്ണൂരിലെത്തിയ അന്ധേരി ഓഷിവാര സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിനായക് ജാദവ്, കോണ്‍സ്റ്റബിള്‍ ദേവാനന്ദ് പവാര്‍ എന്നിവര്‍ കേരള പോലീസിനൊപ്പമാണ് ബിനോയിയുടെ വീടുകളിലേക്ക് പോയത്. എഫ്‌ഐആര്‍ പകര്‍പ്പും ബിനോയിയും യുവതിയും ഒന്നിച്ചുള്ള ചിത്രങ്ങളും ജില്ലാ പോലീസ് മേധാവിയെ കാണിച്ച് ബിനോയിയെ കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പോലീസ് സഹായം തേടിയിരുന്നു.