ന്യൂദൽഹി - 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര സർക്കാർ നടത്തി വന്നിരുന്ന 'വികസന യാത്ര' തുടരാനുള്ള നിർദേശമാണ് ജനത നൽകിയതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 17 ാം ലോക്‌സഭാ സമ്മേളനത്തിന് തുടക്കം കുറിച്ച് ഇന്നലെ പാർലമെന്റിൽ നടന്ന നയപ്രഖ്യാപന പ്രസംഗത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മീഷനും രാജ്യത്തെ ജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. 61 കോടിയിലധികം ജനങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
രവീന്ദ്രനാഥ ടാഗോറിന്റെ ആശയങ്ങൾ മുറുകെപ്പിടിച്ച് പുതിയ ഇന്ത്യയെ നിർമിക്കുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം പ്രസംഗത്തിനിടെ ശ്രീനാരായണ ഗുരുവിന്റെ 'ജാതിഭേദം മതദ്വേഷം ... എന്നു തുടങ്ങുന്ന ശ്ലോകം ഉദ്ധരിച്ചതും ശ്രദ്ധേയമായി. ഗുരുവിന്റെ ആശയങ്ങൾ സർക്കാരിന് വെളിച്ചം പകരുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിൽ ഒന്നാം എൻ.ഡി.എ സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച അദ്ദേഹം അടുത്ത അഞ്ച് വർഷത്തേയ്ക്കുള്ള സർക്കാരിന്റെ ലക്ഷ്യങ്ങൾ സംബന്ധിച്ചും പ്രതിപാദിച്ചു.
എല്ലാവർക്കുമൊപ്പം എല്ലാവർക്കും വികസനം എന്ന ആശയത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നത്. എല്ലാവരെയും ഒന്നായി കാണുകയാണ് സർക്കാരിന്റെ നയം. ഗ്രാമീണ മേഖലയെ ശക്തിപ്പെടുത്താൻ 13,000 കോടിയുടെ കാർഷിക ക്ഷേമ പദ്ധതികൾക്ക് തുടക്കമായി. 2022 നകം കർഷകരുടെ വരുമാനം ഇരട്ടിയാക്കും. ദരിദ്രർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും.
ജവാന്മാരുടെ മക്കൾക്ക് സ്‌കോളർഷിപ്പ് ഏർപ്പെടുത്തും. ആദിവാസി ക്ഷേമവും സ്ത്രീ സുരക്ഷയും മുഖ്യ ലക്ഷ്യമാണെന്ന് പറഞ്ഞ രാഷ്ട്രപതി മുത്തലാഖ് പോലുള്ള സമ്പ്രദായങ്ങൾ നിർത്തേണ്ടതാണെന്നും അഭിപ്രായപ്പെട്ടു. ജൂലൈ 5 ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. തെരഞ്ഞെടുപ്പിനു മുമ്പ് അവതരിപ്പിച്ചത് വോട്ട് ഓൺ അക്കൗണ്ടായതിനാൽ പൂർണ ബജറ്റാണ് അവതരിപ്പിക്കുന്നത്.
മുത്തലാഖ്, പൗരത്വ ഭേദഗതി, ആധാർ, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ എന്നിവയടക്കമുള്ള പ്രധാന ബില്ലുകളടക്കം ഒട്ടേറെ നിയമ നിർമാണങ്ങൾ ഈ സമ്മേളനത്തിൽ സർക്കാർ ലക്ഷ്യം വെയ്ക്കുന്നുണ്ട്. ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂലൈ 26 വരെ നടക്കും.
2024 നകം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകളുടെ എണ്ണം ഒന്നര ഇരട്ടി കൂടി വർധിപ്പിക്കുമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
സീറ്റ് വർധിപ്പിക്കുന്നതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രണ്ട് കോടി അധിക സീറ്റുകൾ വരും. ആഗോള റാങ്കിൽ ആദ്യ 500 ൽ ഇടം നേടിയ സ്ഥാപനങ്ങൾക്ക് സ്വയംഭരണാധികാരവും അധിക സാമ്പത്തിക സഹായവും നൽകുമെന്നും രാഷ്ട്രപതി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നാഷണൽ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതായും രാഷ്ട്രപതി അറിയിച്ചു.