ന്യൂദല്‍ഹി- ബംഗാളില്‍നിന്നുള്ള ലോക്‌സഭാ എം.പി.യും നടിയുമായ നുസ്രത്ത് ജഹാനും വ്യവസായി നിഖില്‍ ജെയിനും വിവാഹിതരായി. തുര്‍ക്കിയിലെ ബോഡ്രം നഗരത്തിലായിരുന്നു കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹം. ചടങ്ങിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി തന്നെയാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.
ബുധനാഴ്ചയായിരുന്നു വിവാഹചടങ്ങുകള്‍. എം.പി.യുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ബംഗാളിലെ ബസീര്‍ഹട്ട് മണ്ഡലത്തില്‍നിന്ന് വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം.പി.യാണ് നുസ്രത്ത് ജഹാന്‍. കഴിഞ്ഞദിവസം നടന്ന എം.പി.മാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നുസ്രത്ത് ജഹാന്‍ എത്തിയിരുന്നില്ല.
നുസ്രത്ത് ജഹാന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ മറ്റൊരു തൃണമൂല്‍ എം.പി.യായ മിമി ചക്രവര്‍ത്തിയും സത്യപ്രതിജ്ഞ ചെയ്തില്ല.
ഏതാനുംദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന നവദമ്പതികള്‍ ജൂലൈ നാലിന് കൊല്‍ക്കത്തയില്‍ വിവാഹസല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.
ബി.ജെ.പി സ്ഥാനാര്‍ഥിയെ മൂന്നരലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് നുസ്രത്ത് ജഹാന്‍ പരാജയപ്പെടുത്തിയത്. മിമി ചക്രമബര്‍ത്തി 2.9 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പിയിലെ അനുപം ഹസ്രയും സി.പി.എം നേതാവ് രഞ്ജന്‍ ഭട്ടാചാര്യയുമായിരുന്നു എതിര്‍ സ്ഥാനാര്‍ഥികള്‍.