പിറ്റ്‌സ്ബര്‍ഗ്- അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ചര്‍ച്ച് ആക്രമിക്കാന്‍ പദ്ധതിയിട്ട സിറിയന്‍ അഭയാര്‍ഥി പിടിയില്‍. ഇയാള്‍ ഭീകരസംഘടനയായ ഐ.എസിന്റെ അനുഭാവിയാണെന്ന് യു.എസ് കോടതിയില്‍ വ്യക്തമാക്കി.
21 കാരനായ മുസ്തഫ മൂസബ് അലോവെമര്‍ 2016 ലാണ് അമേരിക്കയിലെത്തിയത്. ഐ.എസുകാരനായ ഇയാള്‍ അഭയാര്‍ഥി വേഷത്തില്‍ എത്തിയതാണോ അമേരക്കയില്‍ എത്തിയ ശേഷം ഐ.എസില്‍ ആകൃഷ്ടനായതാണോ എന്നു വ്യക്തമാക്കിയിട്ടില്ല. മൂന്ന് വര്‍ഷമായി ഇയാള്‍ പിറ്റ്‌സ്ബര്‍ഗിലെ വടക്കന്‍ ഭാഗത്തുള്ള ചര്‍ച്ച് ആക്രമിക്കാന്‍ തയാറെടുക്കുകയായിരുന്നുവെന്ന് യു.എസ് നീതിന്യായ വകുപ്പ് പറയുന്നു.
യു.എസ് അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ ഏജന്റ് ഐ.എസുകാരനായി ചമഞ്ഞാണ് മുസ്തഫയെ സമീപിച്ചത്. നൈജീരിയയില്‍ ഐ.എസ് സഹോദരന്മാരെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യണമെന്നും യു.എസിലെമ്പാടും ആക്രമണങ്ങള്‍ നടത്തണമെന്നും മുസ്തഫ എഫ്.ബി.ഐ ഏജന്റിനോട് പറഞ്ഞു.
ജൂലൈയില്‍ പദ്ധതിയിട്ട ആക്രമണത്തിന് ബോംബ് തയാറേക്കണ്ട വിധം വിവരിക്കുന്ന മാന്വലും ബിഗിനേഴ്‌സ് കോഴ്‌സ് ഫോര്‍ യംഗ് മുജാഹിദീന്‍ എന്ന തലക്കെട്ടിലുള്ള ലഘുലേഖയും ഇയാള്‍ കൈമാറിയതായി പറയുന്നു. ചര്‍ച്ചിന്റെ ഉപ്രഗ്രഹ ചിത്രങ്ങളും പ്രവേശിക്കാനും രക്ഷപ്പെടാനുമുള്ള റൂട്ടും മുസ്തഫ ഏജന്റിനു കൈമാറിയിരുന്നു.