ശുചിമുറിയില്‍ സ്വര്‍ണം ഒളിപ്പിച്ച ദുബായിലെ വനിതാ എച്ച്.ആര്‍. മാനേജര്‍ പിടിയില്‍

നെടുമ്പാശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ  ശുചിമുറിയില്‍ ഒരു കോടി രൂപയുടെ രണ്ടര കിലോ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ മൂന്ന് മാസത്തിലേറെയായി ഒളിവിലായിരുന്ന യുവതിയെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.
ദുബായില്‍ ഒളിവിലായിരുന്ന ആലപ്പുഴ സ്വദേശിനി ശ്രീലക്ഷ്മി ജയന്തി (27) യാണ് ഇന്നലെ പുലര്‍ച്ചെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി നാട്ടിലേയ്ക്ക് മടങ്ങി വരുമ്പോള്‍ പിടിയിലായത്. ദുബായിലെ  ഒരു സ്ഥാപനത്തില്‍ എച്ച്.ആര്‍ മാനേജരായി ജോലി ചെയ്യുന്ന ശ്രീലക്ഷ്മി ജയന്തി ഇടക്കിടെ നാട്ടില്‍ വന്നു പോകാറുണ്ട്. ജോലിയുടെ മറവില്‍ ഒരോ തവണയും നാട്ടില്‍ വന്ന് പോകുന്നത് അനധികൃതമായി സ്വര്‍ണം കടത്തുവാന്‍ വേണ്ടിയാണെന്ന്  കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. ഇത്തരത്തില്‍ എത്ര പ്രാവശ്യം  സ്വര്‍ണം കടത്തിയെന്ന് വിവരം ലഭിച്ചിട്ടില്ല. ഒരോ തവണ കടത്തിയ സ്വര്‍ണത്തിന്റെ വിവരവും കസ്റ്റംസിന് ലഭിക്കാനുണ്ട്.
സ്വര്‍ണം അനധികൃതമായി കേരളത്തിലേക്ക് എളുപ്പം കടത്തുന്നനതിനായാണ് ശ്രീലക്ഷ്മി ജയന്തിക്ക് കള്ളക്കടത്ത് സംഘം  ദുബായില്‍ എച്ച്.ആര്‍ മാനേജരായി ജോലി തരപ്പെടുത്തിക്കൊടുത്തതെന്ന് കസ്റ്റംസ് സംശയിക്കുന്നു.   മൂന്ന് മാസം മുമ്പാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ  ശുചിമുറിയില്‍ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന ശക്തമാണെന്ന് മനസ്സിലാക്കിയ യുവതി സ്വര്‍ണം ശുചിമുറിയില്‍ ഉപേക്ഷിച്ച് ആലപ്പുഴയിലേക്ക് പോകുകയായിരുന്നു. വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരെ ഉപയോഗപ്പെടുത്തി സ്വര്‍ണം പുറത്തെത്തിക്കാമെന്ന പ്രതീക്ഷ യുവതിക്കുണ്ടായിരുന്നു. എന്നാല്‍ ഇതിന് മുമ്പേ സ്വര്‍ണം കസ്റ്റംസ് കണ്ടെടുത്തു.
സ്വര്‍ണം കണ്ടെത്തിയ ദിവസത്തെ വിമാനത്താവളത്തിലെ സി.സി ടി.വി ക്യാമറകളില്‍ നിന്നാണ് അന്വേഷണ സംഘം ശ്രീലക്ഷ്മിയുടെ പങ്ക് തിരിച്ചറിഞ്ഞത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി  തന്നെ മടക്കയാത്രക്കുള്ള ടിക്കറ്റ് എടുത്ത ശേഷമാണ് ശ്രീലക്ഷ്മി സ്വര്‍ണവുമായി കൊച്ചിയിലെത്തുന്നത്. എന്നാല്‍ സ്വര്‍ണം പിടികൂടിയതോടെ പിടിക്കപ്പെടുമെന്ന് മനസ്സിലാക്കിയ യുവതി കൊച്ചിയില്‍ നിന്നുള്ള യാത്ര റദ്ദാക്കി തിരുവനന്തപുരം വഴിയാണ് ദുബായിലേയ്ക്ക് മടങ്ങിയത്. ഇതേത്തുടര്‍ന്ന് ഇവരെ കസ്റ്റംസ് നിരീക്ഷിച്ചു വരികയായിരുന്നു.  ശ്രീലക്ഷ്മി ജയന്തി ഇതിന് മുന്‍പ് ഇത്തരത്തില്‍ ശുചിമുറിയില്‍   ഉപേക്ഷിച്ച് ജീവനക്കാരുടെ സഹായത്തോടെ സ്വര്‍ണം കടത്തിയിട്ടുണ്ടോയെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. കസ്റ്റംസിലെ ജീവനക്കാര്‍ അടക്കം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന നിരവധി പേര്‍ സ്വര്‍ണം അനധികൃതമായി കടത്തുവാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായിട്ടുണ്ട്.

 

Latest News