ന്യൂ ദൽഹി- മുസാഫർപുരിൽ നിന്ന് തുടങ്ങി ബീഹാറിലെ വിവിധജില്ലകളിലേക്ക് വ്യാപിക്കുന്ന മസ്തിഷ്ക ജ്വരത്തിൽ മരിച്ച കുട്ടികളുടെ എണ്ണം 130 ആയി. ജ്വരം പടരുന്നത് തടയാനായി അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേൾക്കും.
500 തീവ്രപരിചരണ വിഭാഗങ്ങൾ സ്ഥാപിക്കാനും ആവശ്യത്തിന് ഡോക്ടർമാരെ നിയോഗിക്കാനും സംസ്ഥാനത്തോടും കേന്ദ്രത്തോടും ഉത്തരവിടണമെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി ആവശ്യപ്പെടുന്നു. പ്രതിസന്ധി നേരിടാൻ മെഡിക്കൽ വിദഗ്ധരുടെ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യമുണ്ട്. അശ്രദ്ധയുടെയും നിഷ്‌ക്രിയത്വത്തിന്റെയും ഫലമാണ് മരണങ്ങളെന്നും ഹരജിയിൽ ആരോപിക്കുന്നു.
നാല് കുട്ടികളെ വീതം ഒരു കിടക്കയിൽ പ്രവേശിപ്പിച്ച് സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ ബീഹാറിലെ ആശുപത്രികൾ പാടുപെടുകയാണ്. രോഗം നിയന്ത്രിക്കാനോ സ്ഥിതിഗതികൾ കൈകാര്യം ചെയ്യാനോ ആവശ്യമായ ഡോക്ടർമാരോ ഉപകരണങ്ങളോ ഇവിടങ്ങളിൽ ഇല്ല. ഞായറാഴ്ച സന്ദർശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ, ഉത്തരവാദിത്വം ഏൽക്കുന്നുവെന്നും സർക്കാരിന് കഴിയാവുന്നത് ചെയ്യും എന്നും പറഞ്ഞിരുന്നു.
തിങ്കളാഴ്ച മുസാഫർപൂർ സന്ദർശനം നടത്തിയ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ 'വാപസ് ജാവോ' (തിരികെ പോകൂ) വിളികളാലാണ് എതിരേറ്റത്. രോഗം പടർന്ന വാർത്തകൾ വന്ന് 17 ദിവസങ്ങൾക്കു ശേഷമാണ് മുഖ്യമന്ത്രി മുസാഫർപുർ സന്ദർശിക്കുന്നത്. ബീഹാർ ആരോഗ്യമന്ത്രി മംഗൽ പാണ്ഡേയും വിഷയത്തിൽ കാര്യ ഗൗരവമില്ലാതെ പെരുമാറിയത് രൂക്ഷ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.