ന്യൂ ദൽഹി - പ്രിൻസിപ്പൽ കമ്മീഷണർ ഉൾപ്പടെ 15 കസ്റ്റംസ്, എക്സൈസ് ഉന്നതോദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. അഴിമതി, കൈക്കൂലി എന്നീ കുറ്റങ്ങളാണ് ഇവരുടെ പേരിൽ കണ്ടെത്തിയത്.
മൗലികാവകാശ നിയമങ്ങളിലെ 56 (j) ലംഘിച്ചതിന് ചില ഉദ്യോഗസ്ഥർ നേരത്തെ തന്നെ സസ്‌പെഷനിലായിരുന്നു. സാമ്പത്തിക മന്ത്രാലയത്തിന്റെ കൽപന അനുസരിച്ചാണ് ഇവരെ പിരിച്ചു വിട്ടിരിക്കുന്നത്.
സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്റ്റ് ടാക്സസ് ആൻഡ് കസ്റ്റംസിലെ പ്രിൻസിപ്പൽ എ ഡി ജി ആയി നിയുക്തനായിരുന്ന പ്രിൻസിപ്പൽ കമ്മീഷണർ അനൂപ് ശ്രീവാസ്തവ, ജോയിന്റ് കമ്മീഷണർ നളിൻ കുമാർ എന്നിവരും പിരിച്ചുവിട്ടവരിൽ ഉൾപ്പെടുന്നു. 1996 ൽ ഗൂഡാലോചന കുറ്റത്തിന് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്യപ്പെട്ട ആളാണ് അനൂപ് ശ്രീവാസ്തവ. 2012 ൽ കൈക്കൂലി വാങ്ങിയെന്ന കുറ്റത്തിന് സസ്‌പെൻഡ് ചെയ്തിരുന്നു. സ്വത്തു വിവരങ്ങളിൽ വ്യാജ കണക്കുകൾ കണ്ടെത്തിയതിന് നളിൻ കുമാർ സസ്പെൻഷനിലായിരുന്നു.
അഡീഷണൽ കമ്മീഷണർമാരായ അശോക് മഹിദ, വീരേന്ദ്ര അഗർവാൾ (ഡി ജി സിസ്റ്റംസ്, കൊൽക്കൊത്ത ) എന്നിവരും സർവീസിൽ നിന്ന് പിരിച്ചു വിട്ടവരുടെ കൂട്ടത്തിലുണ്ട്.