കയ്‌റോ- ഈജിപ്തില്‍ അന്തരിച്ച മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മൃതദേഹം കിഴക്കന്‍ കയ്‌റോയില്‍ മറവു ചെയ്തതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. തിങ്കളാഴ്ച കോടതി മുറിയില്‍ കുഴഞ്ഞു വീണാണ് മുര്‍സി അന്ത്യശ്വാസം വലിച്ചത്.
കിഴക്കന്‍ കയ്‌റോയിലെ മദീനത്തുനസ്‌റില്‍ നടന്ന ഖബറടക്ക ചടങ്ങില്‍ മുര്‍സിയുടെ കുടുംബാംഗങ്ങള്‍ സംബന്ധിച്ചു. തോറ ജയില്‍ ആശുപത്രിയിലായിരുന്നു മയ്യിത്ത് നമസ്‌കാരമെന്നും അഭിഭാഷകന്‍ അബ്ദുല്‍ മുനീം അബ്ദുല്‍ മഖ്‌സൂദ് പറഞ്ഞു.
2013 ജൂലൈ മൂന്നിന് സൈന്യം പുറത്താക്കിയ മുര്‍സിയെ ഫല്‌സതീന്‍ സംഘടനയായ ഹമാസുമായുള്ള ബന്ധത്തെ കുറിച്ചും ചാരവൃത്തിയെ കുറിച്ചും വിചാരണ ചെയ്യുന്നതിനാണ് കോടതിയില്‍ ഹാജരാക്കിയത്. ഗ്ലാസ് കൂട്ടിനകത്താണ് അദ്ദേഹം കുഴഞ്ഞുവീണത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഈജിപ്ത് ഓദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
കൂട്ടിനകത്ത് മറ്റു പ്രതികളോടൊപ്പമാണ് മുര്‍സി ഉണ്ടായിരുന്നതെന്നും അബോധാവസ്ഥയിലായ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെന്നും അറ്റോര്‍ണി ജനറല്‍ നബീല്‍ സാദിഖ് പത്രക്കുറിപ്പില്‍ പറഞ്ഞു.