വെല്ലിംഗ്ടൺ - മാർച്ച് 15 ന് ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ ഉണ്ടായ വെടിവയ്പാക്രമണത്തിന്റെ ദൃശ്യങ്ങൾ ലൈവായി ഷെയർ ചെയ്തയാൾക്ക് ന്യൂസീലൻഡ് കോടതി ജയിൽ ശിക്ഷ വിധിച്ചു. ക്രൈസ്റ്റ്ചർച്ചിൽ ഇൻസുലേഷൻ കമ്പനി നടത്തുന്ന ഫിലിപ്പ് ആർപ്സിനെയാണ് (44) 21 മാസത്തെ തടവിന് കോടതി ശിക്ഷിച്ചത്.
നാസി അനുകൂലമായതും വെളുത്ത മേധാവിത്വത്തിലൂന്നിയതുമായ മനോഭാവത്തിലൂടെ ആക്ഷേപകരമായ കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തിയാണ് കോടതിയുടെ ശിക്ഷ. കൂട്ടക്കൊലയ്ക്ക് ഒരു ദിവസം കഴിഞ്ഞ് ഗ്രാഫിക് കൂട്ടിച്ചേർക്കലുകൾ നടത്തി 30 ഓളം പേർക്ക് വീഡിയോ അയച്ചതായി ഏപ്രിൽ മാസത്തിൽ ആർപ്സ് സമ്മതിച്ചു. വീഡിയോയെ കുറിച്ചുള്ള അഭിപ്രായമെന്താണെന്ന് ജഡ്ജി ചോദിച്ചപ്പോൾ "അതിഗംഭീരം" എന്നാണ് ആർപ്സ് മറുപടി പറഞ്ഞത്.
17 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, വെള്ളിയാഴ്ച നമസ്കാരത്തിനായി അൽ-നൂർ പള്ളിയിൽ തടിച്ചുകൂടിയവരെ ആക്രമണകാരി വെടിവച്ചുകൊല്ലുന്നതായി കാണാം. കൂട്ടക്കൊലയെ മഹത്വപ്പെടുത്തി എഡിറ്റ് ചെയ്ത് രീതിയിലാരുന്നു വീഡിയോ.