പട്ന - മുസഫർപൂരിൽ നിന്ന് തുടങ്ങി ബീഹാറിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുന്ന മസ്തിഷ്ക ജ്വരത്തിൽ മരിച്ച കുട്ടികളുടെ എണ്ണം 126 ആയി. മുസാഫർപുരിൽ മാത്രം 107 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ജ്വരം പടരുന്ന സാഹചര്യത്തിൽ, ബീഹാർ മുഖ്യമന്ത്രി ഇന്ന് മുസാഫർപുരിലെ ആശുപത്രികൾ സന്ദർശിച്ചു. ജ്വരം റിപ്പോർട്ട് ചെയ്ത 17 ദിവസങ്ങൾക്കു ശേഷം ആദ്യമായാണ് മുഖ്യമന്ത്രി മുസാഫർപുർ സന്ദർശിക്കുന്നത്.
മുസാഫർപുരിലെ ശ്രീ കൃഷ്ണ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം മാത്രം മരിച്ചത് 85 കുട്ടികളാണ്. മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് നിതീഷ് കുമാർ 4 ലക്ഷം രൂപ വീതം ദുരിതാശ്വാസം വാഗ്ദാനം ചെയ്തിരുന്നു. രോഗം പടരുന്നതിന്റെ അടിയന്തിരാവസ്ഥ കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ, ആരോഗ്യ മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥരുമായും എയിംസിലെ വിദഗ്ധ ഡോക്ടർമാരുമായും, ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ (ഐസിഎംആർ) ഉദ്യോഗസ്ഥരുമായും ഉന്നതതല യോഗം നടത്തിയിരുന്നു.
ഞായറാഴ്ച മുസാഫർപൂർ ആശുപത്രികൾ സന്ദർശിച്ച ഡോ. വർധൻ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി അഞ്ച് വൈറോളജിക്കൽ ലാബുകൾ സ്ഥാപിക്കാനും ശ്രീകൃഷ്ണ മെഡിക്കൽ കോളേജിലും ആശുപത്രിയിലും 100 കിടക്കകളുള്ള പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ്സ്ഥാപിക്കാനും നിർദ്ദേശിച്ചു.
കുട്ടികളുടെ മരണങ്ങളും രോഗം അനിയന്ത്രിതമായി പടരുന്നതും സർക്കാരിന്റെ അനാസ്ഥയാണെന്ന് കാണിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ബീഹാർ മുഖ്യമന്ത്രിക്കും നോട്ടീസ് അയച്ചിരുന്നു. അതിനിടെ ബീഹാറിലെ കടുത്ത ഉഷ്‌ണതരംഗവുംആരോഗ്യ വകുപ്പിന് വെല്ലുവിളിയാകുന്നുണ്ട്. ഉഷ്ണ തരംഗത്തിൽ മാത്രമായി ബിഹാറിൽ 70 പേരാണ് ഇതുവരെ മരിച്ചത്.