മുംബൈ- സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് ബാലകൃഷ്ണനെതിരെ മുംബൈയില്‍ പീഡനക്കേസ്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും എട്ടുവയസ്സായ മകളുണ്ടെന്നും കാണിച്ച് ബിഹാര്‍ സ്വദേശിയായ യുവതിയാണ് അന്ധേരി ഓഷിവാര പോലീസില്‍ പരാതി നല്‍കിയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള സംഭവത്തില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോടിയേരിയുടെ മൂത്ത മകനാണ് ബിനോയ്.
ബിനോയ് വിവാഹിതനും രണ്ട് മക്കളുടെ അച്ഛനുമാണെന്ന് അറിഞ്ഞതിന് ശേഷമാണ് പരാതി നല്‍കാന്‍ തയ്യാറായതെന്ന് യുവതി അവകാശപ്പെടുന്നു. മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന തന്നെ 2009 മുതല്‍ 2018 വരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് 33 കാരിയുടെ പരാതി. ഡാന്‍സ് ബാറിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന ബിനോയിയെ അവിടെവെച്ചാണ് പരിചയപ്പെടുന്നതെന്നും ജോലി ഉപേക്ഷിച്ചാല്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
2009 നവംബറില്‍ ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് മുംബൈയിലെത്തിയത്. വിവാഹം ചെയ്യുമെന്ന് തന്റെ മാതാപിതാക്കള്‍ക്ക് ബിനോയ് ഉറപ്പുനല്‍കിയതായും യുവതി അവകാശപ്പെടുന്നു. 2010 ല്‍ അന്ധേരിയില്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് താമസിപ്പിച്ച ബിനോയ് എല്ലാമാസവും പണം അയച്ചുതന്നിരുന്നുവെന്നും എന്നാല്‍ 2015 ല്‍ തന്നെ ഒഴിവാക്കാന്‍ ശ്രമം തുടങ്ങിയെന്നും യുവതി പറയുന്നു.