Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളാ കോൺഗ്രസ് പിളർപ്പിൽ കണ്ണ് വെച്ച് എൽ.ഡി.എഫ് 


തിരുവനന്തപുരം- ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്തതോൽവി ഏറ്റുവാങ്ങിയ എൽ.ഡി.എഫ് അതിൽനിന്ന് കരകയറാൻ കേരളാ കോൺഗ്രസ് പിളർപ്പിൽ കണ്ണ് വെച്ച് നീക്കം തുടങ്ങി. കെ.എം. മാണി ജീവിച്ചിരുന്നപ്പോൾ തന്നെ അദ്ദേഹത്തെ ഒപ്പം കൂട്ടാൻ പലശ്രമങ്ങളും എൽ.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. പി.ജെ. ജോസഫ് എൽ.ഡി.എഫ് വിട്ടശേഷം മാണി വിഭാഗത്തോടായാണ് എൽ.ഡി.എഫിന് കൂടുതൽ ചായ്‌വ്. പുതിയ സാഹചര്യത്തിൽ ഇത് ശക്തിപ്പെടുത്താനാണ് ശ്രമം.
ജോസ് കെ. മാണിയേയും കൂട്ടരെയും എൽ.ഡി.എഫിൽ എത്തിക്കാനായാൽ മധ്യകേരളത്തിൽ അത് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് എൽ.ഡി.എഫ്. രണ്ട് എം.പിമാരും രണ്ട് എം.എൽ.എമാരുമാണ് ഈ വിഭാഗത്തിനുള്ളത്. ജോസഫ് വിഭാഗം യു.ഡി.എഫുമായി വളരെ അടുത്ത് നിൽക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. ജോസഫ് വിഭാഗത്തിന് മൂന്ന് എം.എൽ.എമാരുണ്ട്.
കേരളാ കോൺഗ്രസ് പിളർപ്പിൽ ചെയർമാൻ സ്ഥാനം ആർക്കാണെന്ന തർക്കത്തിൽ ഇനിയും തീർപ്പു വരാത്ത സാഹചര്യത്തിൽ വിഷയം തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തുകയാണ്. കേരളാ കോൺഗ്രസ്(എം) ചെയർമാനായി ജോസ് കെ. മാണിയെ തിരഞ്ഞെടുത്ത നടപടി തൊടുപുഴ മുൻസിഫ് കോടതി റദ്ദു ചെയ്തതിന് പിന്നാലെയാണ് അധികാരത്തെച്ചൊല്ലിയുള്ള വടംവലി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലേക്ക് എത്തുന്നത്. തങ്ങളാണ് യഥാർഥ കേരളാ കോൺഗ്രസ് എന്ന അവകാശവാദവുമായി ഇരുവിഭാഗവും തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നിലെത്തിയിട്ടുണ്ട്. ഇരുവിഭാഗവും ഇതുമായി ബന്ധപ്പെട്ട രേഖകളുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാകും ഇക്കാര്യത്തിൽ പ്രധാനം. 
ചെയർമാനെ തിരഞ്ഞെടുത്തത് കോടതി റദ്ദു ചെയ്തെങ്കിലും ഇന്നലെ കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി ചെയർമാന്റെ മുറിക്കു പുറത്തു ജോസ് കെ. മാണിയുടെ പേരുള്ള ബോർഡ് സ്ഥാപിച്ചു. കേരളാ കോൺഗ്രസ് ചെയർമാൻ തിരഞ്ഞെടുപ്പു സംബന്ധിച്ച നിയമ പോരാട്ടം തുടരുമെന്ന സൂചന നൽകിയാണ് ജോസ് കെ. മാണി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയത്.  ചെയർമാനെ തിരഞ്ഞെടുത്തതിന് എതിരെയുള്ള നടപടി തീരുമാനിക്കാൻ ജോസഫ് വിഭാഗം തിരുവനന്തപുരത്ത് യോഗം ചേർന്നു. തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനായുള്ള പോരാട്ടം തുടരാൻ തന്നെയാണ് പി.ജെ ജോസഫ് വിഭാഗത്തിന്റേയും തീരുമാനം. 
നേരത്തേ 1980ൽ ഇത്തരത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റു കിട്ടാത്തതിന്റെ പേരിലാണ് പി.ജെ ജോസഫ് മാണിയുമായി പിണങ്ങിപ്പിരിഞ്ഞ് യു.ഡി.എഫ് പാളയത്തിൽനിന്ന് ഇടതുമുന്നണിയുടെ ഭാഗമായത്. 


 

Latest News