മഞ്ചേരി- സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിംഗിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ഥി പരിക്കേറ്റ് ആശുപത്രിയില്‍. മലപ്പുറം കോട്ടപ്പടി പള്ളിപ്പടി വളപ്പില്‍ ഷാജിയുടെ മകന്‍ മുഹമ്മദ് അനസിനെ (17)യാണ് മഞ്ചേരി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പാണക്കാട് ഡി.യു.എച്ച്.എസ്.എസിലാണ് സംഭവം. സ്‌കൂള്‍ തുറന്നത് മുതല്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് അനസിനെ ഉപദ്രവിച്ചു വരികയായിരുന്നു. താടി വെച്ച് സ്‌കൂളില്‍ വരരുതെന്നും അത് വടിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മര്‍ദനം.
വഴങ്ങാത്തതിനെ തുടര്‍ന്ന് പ്ലസ് ടു കൊമേഴ്സ് വിദ്യാര്‍ഥികളായ ബദര്‍, ഷമീര്‍, ഷിബിലി, ആഷിഖ് എന്നിവരാണ് തന്നെ മുഖത്തും കണ്ണിനും ക്രൂരമായി മര്‍ദിച്ചതെന്ന് മുഹമ്മദ് അനസ് പോലീസില്‍ മൊഴി നല്‍കി. അനസിന്റെ കണ്ണിന് സാരമായ പരിക്കുണ്ട്.