Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ക്ക് അധിക നികുതി വരുന്നു

റിയാദ് - നൂറു ശതമാനവും പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് തയാറാക്കുന്ന ജ്യൂസുകൾക്ക് സെലക്ടീവ് ടാക്‌സ് ബാധകമല്ലെന്ന് സകാത്ത്, നികുതി അതോറിറ്റി വ്യക്തമാക്കി. പഞ്ചസാരയും മധുരം നൽകുന്ന മറ്റു പദാർഥങ്ങളും ചേർക്കുന്ന പാനീയങ്ങൾക്കു മാത്രമാണ് സെലക്ടീവ് ടാക്‌സ് ബാധകമാക്കുക. കുടിക്കുന്നതിന് തയാറാക്കുന്ന പാനീയങ്ങൾക്കു മാത്രമല്ല, പാനീയങ്ങളാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന പൗഡറുകൾ, സാന്ദ്രീകൃത ലായനികൾ, ജെൽ, മറ്റു ഉൽപന്നങ്ങൾ എന്നവക്കെല്ലാം നികുതി ബാധകമായിരിക്കും. മധുരം ചേർത്ത പാനീയങ്ങൾക്ക് 50 ശതമാനം അധിക നികുതിയാണ് ബാധകമാക്കുന്നത്. ഇത് ഡിസംബർ ഒന്നു മുതൽ നിലവിൽവരും. 


പഞ്ചസാരയും മധുരം നൽകുന്ന മറ്റു പദാർഥങ്ങളും ചേർക്കാത്ത ജ്യൂസുകൾ, മധുരം ചേർക്കാതെ ദ്രാവകരൂപത്തിലുള്ള വസ്തുക്കൾ കൂട്ടിച്ചേർത്തുണ്ടാക്കുന്ന റെഡിമെയ്ഡ് പാനീയങ്ങൾ, പാൽ, പാലുൽപന്നങ്ങൾ, 75 ശതമാനത്തിൽ കുറയാത്ത പാൽ ചേർത്ത മറ്റു പാനീയങ്ങൾ, സോയാ ഡ്രിങ്ക് പോലെ പച്ചക്കറി സ്രോതസ്സുകളിൽനിന്ന് നിർമിക്കുന്ന ബദൽ പാൽ 75 ശതമാനത്തിൽ കുറയാതെ അടങ്ങിയ പാനീയങ്ങൾ എന്നിവക്കൊന്നും അധിക നികുതി ബാധകമായിരിക്കില്ല. ബേബി ഫുഡ്, മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഡയറ്റ് ഫുഡുകൾ, പോഷകാഹാര, മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാനീയങ്ങൾ-സാന്ദ്രീകൃത ലായനികൾ എന്നിവക്കും സെലക്ടീവ് ടാക്‌സ് ബാധകമായിരിക്കില്ല. 


സൗദിയിൽ 2017 ജൂൺ പതിനൊന്നു മുതലാണ് സെലക്ടീവ് ടാക്‌സ് നിലവിൽ വന്നത്. ചില്ലറ വിൽപന വിലയുടെ അടിസ്ഥാനത്തിലാണ് ഹാനികരമായ ഉൽപന്നങ്ങൾക്കുള്ള അധിക നികുതി കണക്കാക്കുന്നത്. സിഗരറ്റിനും പുകയില ഉൽപന്നങ്ങൾക്കും എനർജി ഡ്രിങ്കുകൾക്കും 100 ശതമാനവും ശീതളപാനീയങ്ങൾക്ക് 50 ശതമാനവുമാണ് അധിക നികുതി ബാധകമാക്കിയിരിക്കുന്നത്. സെലക്ടീവ് ടാക്‌സ് നടപ്പാക്കിയ ശേഷം ഹാനികരമായ ഉൽപങ്ങളുടെ ഇറക്കുമതിയും വിൽപനയും വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്.


സെലക്ടീവ് ടാക്‌സ് നിയമം ലംഘിക്കുന്നവർക്ക് ഇരട്ടി തുക പിഴ ചുമത്തുകയോ ആറു മാസത്തേക്ക് ലൈസൻസ് മരവിപ്പിക്കുകയോ ചെയ്യുന്നതിന് സകാത്ത്, നികുതി അതോറിറ്റി അംഗീകരിച്ച നിയമാവലി അനുശാസിക്കുന്നു. ആദ്യത്തെ നിയമ ലംഘത്തിന് ശിക്ഷ പ്രഖ്യാപിച്ച് മൂന്നു വർഷത്തിനകം നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് ഈ ശിക്ഷ ലഭിക്കുക. നിയമാനുസൃത സമയത്തിനകം നികുതി റിട്ടേൺ സമർപ്പിക്കാത്തവർക്ക് കാലതാമസം വരുത്തുന്ന ഓരോ മുപ്പതു ദിവസത്തിനും അഞ്ചു ശതമാനം തോതിൽ പിഴ ചുമത്തും. പരമാവധി 25 ശതമാനം വരെയാണ് ഇങ്ങനെ പിഴ ചുമത്തുക.


നിശ്ചിത സമയത്തിനകം നികുതി അടക്കാത്തവർക്കും പിഴ ചുമത്തും. മുപ്പതു ദിവസം വരെ കാലതാമസം വരുത്തുവർക്ക് അഞ്ചു ശതമാനവും മുപ്പതു മുതൽ അറുപതു ദിവസം വരെ വൈകിക്കുന്നവർക്ക് പത്തു ശതമാനവും അറുപതു മുതൽ തൊണ്ണൂറു ദിവസം വരെ കാലതാമസം വരുത്തുന്നവർക്ക് പതിനഞ്ചു ശതമാനവും 90 മുതൽ 120 ദിവസം വരെ കാലതാമസം വരുത്തുന്നവർക്ക് 20 ശതമാനവും 120 ദിവസത്തിലധികം വൈകിക്കുന്നവർക്ക് 25 ശതമാനവും ആണ് പിഴ ചുമത്തുക.
നികുതി വെട്ടിക്കുന്നതിന് ശ്രമിച്ച് സെലക്ടീവ് ടാക്‌സ് ബാധകമായ ഉൽപന്നങ്ങൾ നിയമ വിരുദ്ധമായി സൗദിയിൽ പ്രവേശിപ്പിക്കുന്നവർക്കും സൗദിയിൽ നിന്ന് പുറത്തേക്ക് കടത്തുന്നതിന് ശ്രമിക്കുന്നവർക്കും ഇത്തരം ഉൽപന്നങ്ങളുടെ ഉൽപാദനം, സംഭരണം, നീക്കം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജ രേഖകളും റിട്ടേണുകളും സമർപ്പിക്കുന്നവർക്കും നിയമാനുസൃതം അടക്കേണ്ട നികുതി തുകക്ക് തുല്യമായ തുക പിഴ ചുമത്തും. ഇതേ നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് നികുതി വെട്ടിപ്പിന് ശ്രമിച്ച ഉൽപന്നങ്ങളുടെ വിലയുടെ മൂന്നിരട്ടിക്ക് തുല്യമായ തുക പിഴ ചുമത്തും. സകാത്ത്, നികുതി അതോറിറ്റി ആവശ്യപ്പെടുന്ന രേഖകൾ സമർപ്പിക്കുന്നതിന് കാലതാമസം വരുത്തുന്നവർക്ക് ഓരോ ദിവസത്തിനും ആയിരം റിയാൽ തോതിൽ പരമാവധി അര ലക്ഷം റിയാൽ വരെ പിഴ ചുമത്തുന്നതിനും നിയമം അനുശാസിക്കുന്നു.
 

Latest News