Sorry, you need to enable JavaScript to visit this website.

അധ്യക്ഷന്‍ അമിത് ഷാ തന്നെ; ജെ.പി. നദ്ദ ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ്

ന്യൂദല്‍ഹി- മുതിര്‍ന്ന നേതാവ് ജഗത് പ്രകാശ് നദ്ദയെ ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായി തുടരും.
ദല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. അടുത്ത ആറ് മാസത്തേക്ക് പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ക്ക് നദ്ദ മേല്‍നോട്ടം വഹിക്കുമെന്ന് ബി.ജെ.പി അറിയിച്ചു.
അടുത്ത വര്‍ഷം ജനുവരിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.
അമിത് ഷായുടെ നേതൃത്വത്തില്‍ ബി.ജെ.പി നിരവധി തെരഞ്ഞെടുപ്പുകള്‍ വിജയിച്ചു. അമിത് ഷായെ ആഭ്യന്തര മന്ത്രിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി തെരഞ്ഞെടുത്തപ്പോള്‍ ചുമതല മറ്റൊരാളെ ഏല്‍പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു-  കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
ബി.ജെ.പി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടി തിളങ്ങി നില്‍ക്കുമ്പോഴാണ് വര്‍ക്കിംഗ് പ്രസിഡന്റായി 58കാരനായ നദ്ദയുടെ വരവ്. ഈ വര്‍ഷം മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി കഴിവ് തെളിയിച്ച നദ്ദക്കാണ് ഇത്തവണ അമിത് ഷാ യു.പിയുടെ ചുമതല നല്‍കിയിരുന്നത്. എസ്പി-ബിഎസ്പി സഖ്യത്തിന്റെ വെല്ലുവിളികള്‍ മറികടന്ന് 80ല്‍ 62 സീറ്റ് ബിജെപി നേടുകയും ചെയ്തു. സംഘാടന മികവും അഴിമതി ആരോപണങ്ങളേല്‍ക്കാത്ത വ്യക്തിത്വവും അദ്ദേഹത്തെ വേറിട്ടതാക്കുന്നു.
ബിജെപി പാര്‍ലമെന്റി ബോര്‍ഡ് അംഗവും ഹിമാചല്‍ പ്രദേശില്‍നിന്നുള്ള രാജ്യസഭാംഗവുമാണ് നദ്ദ.

പട്‌ന കോളേജില്‍നിന്ന് ബിരുദവും ഷിംല ഹിമാചല്‍ പ്രദേശ് സര്‍വകലാശാലയില്‍നിന്ന് എല്‍.എല്‍.ബിയും കരസ്ഥമാക്കി. ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെ ജയപ്രകാശ് നാരായണന്‍ നയിച്ച സമ്പൂര്‍ണ ക്രാന്തി മൂവ്‌മെന്റില്‍ ചേര്‍ന്നാണ് നദ്ദ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് എബിവിപിയുടെ നിരവധി ചുമതലകള്‍ വഹിച്ചു. 1993ല്‍ ആദ്യമായി ഹിമാചല്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1998ല്‍ വിജയം ആവര്‍ത്തിച്ച് ആരോഗ്യ, കുടുംബക്ഷേമ മന്ത്രിയായി. 2007ല്‍ വീണ്ടും എംഎല്‍എയായ അദ്ദേഹത്തിന് വനം, പരിസ്ഥിതി, ശാസ്ത്ര സാങ്കേതിക വകുപ്പുകള്‍ ലഭിച്ചു. 2012ല്‍ രാജ്യസഭയിലെത്തി. 2014ല്‍ മോദി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായി. അഛന്‍ എന്‍.എല്‍. നദ്ദ പാട്‌ന സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലറായിരുന്നു. ഹിമാചല്‍ പ്രദേശ് സര്‍വ്വകലാശാലയിലെ പ്രൊഫസറായ ഡോ.മല്ലിക നദ്ദയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

 

Latest News