ഹൈദരാബാദ്- ഇന്ത്യക്കാരനോ പാക്കിസ്ഥാനിയോ എന്ന തര്‍ക്കത്തില്‍ കുടുങ്ങി വയോധികന്‍ ജയിലില്‍ തുടരുന്നു. ചാരവൃത്തി കേസില്‍ അറസ്റ്റിലാകുകയും കോടതി വെറുതെ വിടുകയും ചെയ്ത 70 കാരനായ ഷേര്‍ അലി കെശ്‌വാനിയെന്ന 70 കാരനാണ് ചെര്‍ളാപ്പിള്ളി സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്.
താന്‍ ഇന്ത്യക്കാരനാണെന്നും മുംബൈ സ്വദേശിയാണെന്നും പറയുന്ന കെശ്‌വാനിയെ പാക്കിസ്ഥാനിലേക്ക് നാടുകടത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ സ്വീകരിക്കുന്നില്ല. ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാന്‍ സഹായകമാകുന്ന രേഖകളാകട്ടെ, ഇയാളുടെ പക്കലില്ല. ബന്ധുക്കളേയും ചൂണ്ടിക്കാണിക്കാനില്ല.
2004 ജനുവരിയിലാണ് സലീം കെശ് ൃവാനി എന്ന് അക്ബര്‍ അലിയെ സമീര്‍ എന്നയാളോടൊപ്പം ആഗ്രയിലെ സദര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ആഗ്ര ജയിലില്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ തുടരുന്നതിനടെ അര്‍ഷദ് മഹ്മൂദ് എന്ന പാക്കിസ്ഥാനി പിടിയിലായതിനുശേഷമാണ് കെശ് വാനി ചാരവൃത്തി കേസില്‍ ഉള്‍പ്പെട്ടത്. ഹവാല ഇടപാടുകാരനായ കെശ്‌വാനി തനിക്ക് 30,000 രൂപ നല്‍കിയെന്ന അര്‍ഷദിന്റെ മൊഴിയായിരുന്നു കാരണം.
തെളിവില്ലെന്ന് പ്രോസിക്യൂഷനെ വിമര്‍ശിച്ചുകൊണ്ട് 2015 മാര്‍ച്ച ഒമ്പതിന് കെശ്‌വാനിയെ കോടതി കുറ്റവിമുക്തനാക്കി. ഇയാള്‍ പാക്കിസ്ഥാനിയാണെന്നതിന് പ്രോസിക്യൂഷന്‍ തെളിവ് നല്‍കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യക്കാരനാണെന്ന് തെളിയിക്കുന്നതിന് രേഖകള്‍ ഹാജരാക്കാന്‍ കെശ് വാനിക്കും കഴിഞ്ഞില്ല.
തുടര്‍ന്ന് തെലങ്കാന ജയില്‍ അധികൃതര്‍ കെശ്‌വാനിയെ പാക്കിസ്ഥാനിലേക്ക് അയക്കാന്‍ പലതവണ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല.
ഇപ്പോള്‍ പ്രത്യേക സെല്ലില്‍ കഴിയുന്ന കെശ്‌വാനിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയമെടുക്കുമെന്നാണ് ജയില്‍ ഡയരക്ടര്‍ ജനറല്‍ വി.കെ. സിംഗ് പറയുന്നത്. പൗരത്വം തെളിയിക്കാനാകാത്ത ഇത്തരമാളുകളെ പാര്‍പ്പിക്കാന്‍ പ്രത്യേക തടവുകേന്ദ്രം വേണമെന്നും അദ്ദേഹം പറയുന്നു.