Sorry, you need to enable JavaScript to visit this website.

സി.ഐ നവാസ് ജോലിക്ക് കയറിയില്ല; സ്ഥലംമാറ്റം നീളും

കൊച്ചി - എറണാകുളം സെന്‍ട്രല്‍ സി.ഐ വി.എസ്. നവാസിന്റെ മട്ടാഞ്ചേരിയിലേക്കുള്ള സ്ഥലംമാറ്റം നീളും. എ.സി.പിയുമായുള്ള തര്‍ക്കവും തുടര്‍ന്നുള്ള നവാസിന്റെ തിരോധാനവും സംബന്ധിച്ച് ഡി.സി.പി ജി. പൂങ്കുഴലി നടത്തുന്ന അന്വേഷണം പൂര്‍ത്തിയായശേഷമേ സ്ഥലംമാറ്റമുണ്ടാകൂ.
എ.സി.പി പി.എസ് സുരേഷുമായി വയര്‍ലെസ് സെറ്റിലൂടെ നടത്തിയ വാക്ക്തര്‍ക്കത്തെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ മുതലാണ് നവാസിനെ കാണാതായത്.  തമിഴ്‌നാട്ടിലെ കാരൂരില്‍ വെച്ചാണ് നവാസിനെ കണ്ടെത്തി ശനിയാഴ്ച തിരിച്ചെത്തിച്ചത്. എറണാകുളത്ത് നിന്നും മട്ടാഞ്ചേരിയിലേക്കായിരുന്നു നവാസിനെ സ്ഥലംമാറ്റിയത്. എ.സി.പി സുരേഷിനെയും ഇവിടേയ്ക്ക് തന്നെയാണ് മാറ്റിയിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് നല്‍കി നിയമപരമായ നടപടിയെടുത്ത ശേഷമേ നവാസിന്റെ സ്ഥലംമാറ്റം ഉണ്ടാകുകയുള്ളൂവെന്നും ഇതിന് പോലീസ് ആസ്ഥാനത്ത് നിന്നും ഉത്തരവുണ്ടാകണമെന്നും കമ്മീഷണര്‍ വിജയ് സാഖ്‌റെ പറഞ്ഞു. അതുവരെ കാത്തുനില്‍ക്കാനാണ് നവാസിനോട് നിര്‍ദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേലുദ്യോഗസ്ഥന്റെ അധിക്ഷേപത്തെത്തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദം സഹിക്കാനാവാതെയാണ് മാറിനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് നവാസ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. അന്വേഷണം നടക്കുകയാണെന്നും എ.സി.പി സുരേഷില്‍നിന്നും മൊഴിയെടുക്കുമെന്നും ഡി.സി.പി ജി. പൂങ്കുഴലി പറഞ്ഞു. റിപ്പോര്‍ട്ട് ഉടന്‍തന്നെ മേലുദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും ഡി.സി.പി വ്യക്തമാക്കി.

Latest News