ന്യൂദൽഹി- നാഴിയൂരിപ്പാല് കൊണ്ട് നാടാകെ കല്യാണം എന്ന ഗാനത്തിലൂടെ മലയാളത്തിന്റെ മനം കവർന്ന ഗായികയായിരുന്നു അന്തരിച്ച ഗായത്രി. 1956ൽ പുറത്തിറങ്ങിയ രാരിച്ചൻ എന്ന പൗരനിലെ തെക്കൂന്നു നമ്മളൊരു ചക്കൊന്നു വാങ്ങി എന്ന ഗാനാലാപനത്തിലൂടെയാണ് ചലിച്ചിത്ര രംഗത്തേക്കുള്ള പ്രവേശനം. എന്നാൽ, അതേ സിനിമയിലെ തന്നെ നാഴിയൂരിപ്പാല് കൊണ്ട് നാടാകെ കല്യാണം എന്ന ഗാനമാണ് ഗായത്രിയെ മലയാളത്തിൽ അടയാളപ്പെടുത്തിയത്.
1934ൽ കൊച്ചിയിൽ പള്ളുരുത്തിയിൽ ജനിച്ച ഗായത്രി കോഴിക്കോട് റേഡിയോ സ്‌റ്റേഷനിൽ സ്ഥിരം ഗായികയായിരുന്നു. റേഡിയോ പരിപാടികളിൽ ഏറെ ശ്രദ്ധേയമായ ബാലലോകത്തിൽ ഏറെക്കാലും ചേച്ചി എന്ന ശബ്ദത്തിൽ കുട്ടികളുടെ പ്രിയപ്പെട്ട അവതാരകയുമായിരുന്നു. കോഴിക്കോട് നിലയത്തിൽ തന്നെയുണ്ടായിരുന്ന പുല്ലാങ്കുഴൽ വിദ്വാൻ ശ്രീകൃഷ്ണനെ വിവാഹം കഴിച്ചു. കോഴിക്കോട് വെള്ളിമാട്കുന്നിലെ സിച്ച് കോളനിയിലായിരുന്നു താമസം. പ്രശസ്ത പുല്ലാങ്കുഴൽ വാദകനായ ജി. എസ് രാജൻ മകനാണ്. മകൾ സുജാത. മരുമകൾ അഞ്ജന രാജൻ നർത്തകിയും മാധ്യമ പ്രവർത്തകയുമാണ്. കോഴിക്കോട് നിന്ന് ഡൽഹിയിലുള്ള മകനൊപ്പമായിരുന്നു ഇപ്പോൾ താമസം. ഭർത്താവ് ശ്രീ കൃഷ്ണൻ ബാംഗളൂരിലാണ്. ഗായത്രിയുടെ മൃതദേഹം ഇന്നു വൈകുന്നേരം ബാംഗളൂരിലേക്ക് കൊണ്ടു പോകും. നാളെ സംസ്‌കാരം നടത്തും.
നാഴൂരിപ്പാല് കൊണ്ട് നാടാകെ കല്യാണം എന്ന ഗാനം ശാന്താ പി. നായർക്കൊപ്പമാണ് ആലപിച്ചത്. വിദ്യാർഥി ആയിരിക്കുന്ന കാലം മുതലേ ഗായത്രി കൊച്ചി പള്ളുരുത്തിയിലും പരിസരപ്രദേശങ്ങളിലും സംഗീത കച്ചേരികൾ അവതരിപ്പിച്ചിരുന്നു. പന്ത്രണ്ടാം വയസിൽ മട്ടാഞ്ചേരിയിൽ വിഖ്യാത ഗായകൻ മുഹമ്മഗ് റഫിക്കൊപ്പം പാടിയിട്ടുണ്ട് ഗായത്രി. അന്ന്് പിന്നണിയിൽ അണിനിരന്ന ഗായകർക്കൊപ്പം മലയാളത്തിന്റെ അലച്ചിൽ ഗായകനായിരുന്ന മെഹബൂബിന്റെ ശബ്ദവുമുണ്ടായിരുന്നു. മട്ടാഞ്ചേരിയിലെ പാട്ടിന് ശേഷം ഗായത്രിയുടെ തോളിൽ തട്ടി അഭിനന്ദിച്ച മുഹമ്മദ് റഫി ആ ബാലികയെ ബോംബെ സിനിമാ ഗാനരംഗത്തേക്കു ക്ഷണിക്കുക കൂടി ചെയ്തു. സിനിമ ഒരഭിനിവേശമാകാതിരുന്ന കാലമായത് കൊണ്ട് ഗായത്രി അപ്പോൾ തന്നെ ആ ക്ഷണം നിരസിച്ചു. കൈവിട്ടു പോയ മഹാഭാഗ്യം എന്ന് പിൽക്കാല അഭിമുഖങ്ങളിൽ ഗായത്രി തന്നെ ആ അവസരത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. അങ്ങനെയാണ് രാരിച്ചൻ എന്ന പൗരന്റെ നിർമാതാവ് ടി.കെ പരീക്കുട്ടി സിനിമയിൽ പാടാൻ ക്ഷണിക്കുന്നത്. ഒരേയൊരു സിനിമയിൽ പാടിയ ശേഷം മടങ്ങിയേക്കാം എന്ന തീരുമാനത്തിൽ ചെന്നൈയിലേക്കു വണ്ടി കയറിയ ഗായത്രി പിന്നീട് നിരവധി അനശ്വര ഗാനങ്ങൾ തന്റെ ഇമ്പമാർന്ന ശബ്ദമാധുര്യം കൊണ്ട് അടയാളപ്പെടുത്തി എന്നത് ചരിത്രം.
എറണാകുളം സെന്റ് തെരേസാസ് കോളജിൽ പ്രീയൂണിവേഴ്‌സിറ്റി പഠനം പൂർത്തിയാക്കിയ ശേഷമാണ് കോഴിക്കോട് ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റായി ചേരുന്നത്. ആകാശവാണിയിലെ ഔദ്യോഗിക ജീവിതം അരനൂറ്റാണ്ടു കാലം നീണ്ടു. ഗായിക എന്നതിനപ്പുറം അവതാരകയായും നാടകനടിയുടെ ശബ്്ദത്തിലും ഗായത്രി ആകാശവാണിയിൽ തിളങ്ങി.