മാവേലിക്കര- വള്ളികുന്നത്ത് പോലീസുകാരി നടുറോഡില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അജാസ് സൗമ്യയെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്ന് സൗമ്യയുടെ മകന് മൊഴി നല്കി.
തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പോലീസിനോട് കാര്യങ്ങള്‍ പറയണമെന്ന് അമ്മ തന്നോട് നിര്‍ദേശിച്ചിരുന്നുവെന്നാണ് സൗമ്യയുടെ 12 വയസ്സായ മൂത്ത മകന് ഋഷികേഷ് മൊഴി നല്‍കിയത്.
അജാസില്‍ നിന്ന് ആക്രമണമുണ്ടാവുകയോ കൊല്ലപ്പെടുകയോ ചെയ്തേക്കാമെന്ന് സൗമ്യ മുന്‍കൂട്ടി കണ്ടിരുന്നുവെന്നാണ് വ്യക്തമാകുന്നത്. തൃശൂരില്‍ പോലീസ് സേനയിലെ പരിശീലന കാലത്ത് തുടങ്ങിയതായിരുന്നു സൗമ്യയും അജാസും തമ്മിലുള്ള സൗഹൃദം.
ആറ് വര്‍ഷത്തെ സൗഹൃദം തകര്‍ന്നതാണ് പ്രതികാരത്തിലേക്കും കൊലയിലേക്കും നയിച്ചതെന്ന് പോലീസ് കരുതുന്നു. അജാസിനെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അജാസിന്റെ നില ഗുരുതരമായി തുടരുകയാണ്. എളമക്കരയില്‍ നിന്ന് വാടകക്കെടുത്ത കാറിലാണ് പ്രതി അജാസ് വള്ളികുന്നത്ത് എത്തിയത്.