ന്യൂദൽഹി- പശുവിനെ തിന്നുന്നവരെ ആക്രമിക്കൂ എന്നു സുഹൃത്ത് വിളിച്ചു പറഞ്ഞതു കേട്ടാണ് മദ്യപിച്ചിരുന്ന താൻ ആക്രമിച്ചതെന്ന് ജുനൈദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായവരിൽ ഒരാളായ രമേഷ് പറഞ്ഞു. ചാനൽ ക്യാമറകളുടെ മുന്നിലാണ് രമേഷ് എന്നു സ്വയം പരിചയപ്പെടുത്തിയ ഇയാൾ കുറ്റസമ്മതം നടത്തിയതെങ്കിലും പോലീസ് രജിസ്റ്റർ ചെയ്ത പരാതിയിൽ ഇക്കാര്യങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
ട്രെയിനിൽ നാലു സഹോദരങ്ങളെ ആക്രമിച്ച കൂട്ടത്തിൽ ഇയാളും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ദൽഹിയിലെ ജുമാ മസ്ജിദ് സന്ദർശിച്ച ശേഷം സദർ ബസാറിൽനിന്നു സാധനങ്ങൾ വാങ്ങി ഹരിയാനയിലെ ബല്ലഭ്ഘട്ടിലേക്കു പോകും വഴിയാണ് ജുനൈദും സഹോദരങ്ങളും ആക്രമിക്കപ്പെട്ടത്.
സീറ്റിനെ ചൊല്ലിയുള്ള തർക്കം പൊടുന്നനെ വർഗീയ അധിക്ഷേപങ്ങളിലേക്കു വഴി തിരിയുകയായിരുന്നു.
ട്രെയിനിൽ ഒരു സംഘം തങ്ങളെ അക്രമിച്ചപ്പോൾ സഹായത്തിനു നിലവിളിച്ചെങ്കിലും ആരും പോലീസിനെ വിളിക്കാനോ സഹായിക്കാനോ തയാറായില്ലെന്ന് ജുനൈദിന്റെ സഹോദരൻ ഹാഷിം പറഞ്ഞു. പോലീസ് പിടികൂടിയവരിൽ തങ്ങളെ ആക്രമിച്ച രണ്ടു പേരെ ഇവർ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളുടെ പേര് വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും മറ്റുള്ളവർക്കു വേണ്ടി തെരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചത്. ശനിയാഴ്ചയാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
തങ്ങൾക്ക് ഇറങ്ങേണ്ട സ്‌റ്റേഷനെത്തിയിട്ടും അക്രമികൾ ട്രെയിനിൽ നിന്ന് ഇറങ്ങാൻ അനുവദിച്ചില്ലെന്ന് ആക്രമണത്തിനിരയായ ഷാക്കിർ പറഞ്ഞു. പരിക്കേറ്റ ഷാക്കിർ ദൽഹി ഏയിംസ് ട്രോമ സെന്ററിൽ ചികിത്സയിലാണ്. അക്രമികൾ എല്ലാവരും 30 വയസ്സിന് മുകളിലുള്ളവരാണെന്ന് ഷാക്കിർ മാധ്യമങ്ങളോട് പറഞ്ഞു.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, മുഹമ്മദ് സലിം എന്നിവർ ഇന്നലെ ജുനൈദിന്റെ ഭവനത്തിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു.