Sorry, you need to enable JavaScript to visit this website.

മമത അയഞ്ഞു; ആവശ്യങ്ങൾ അംഗീകരിക്കാം, സമരം നിർത്തൂ

കൊൽക്കത്ത- സംസ്ഥാനത്ത് സമരം ചെയ്യുന്ന മുഴുവൻ ഡോക്ടർമാരുടെയും ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാമെന്നും സമരം അവസാനിപ്പിക്കണമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഉടൻ ജോലിക്ക് കയറണമെന്നും മമത അഭ്യർത്ഥിച്ചു.  മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് മമത ആവശ്യം അറിയിച്ചത്.  ഡോക്ടർമാർക്കെതിരെ കടുത്ത നടപടികൾ സർക്കാർ സ്വീകരിക്കില്ലെന്നും മമത വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്തെ ഡോക്ടർമാരുടെ സമരം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ മമതക്ക് കത്തെഴുതി. ഡോക്ടർമാരുടെ സമരം വഷളാക്കിയത് സംസ്ഥാന സർക്കാറാണെന്ന് ആരോപിച്ചാണ് ഹർഷ് വർധൻ കത്തയച്ചത്.  ഡോക്ടർമാരുടെ സമരം  മമത അഭിമാനപ്രശ്‌നമായി എടുത്തതാണ് കാര്യങ്ങൾ സങ്കീർണമാക്കിയതെന്നും കേന്ദ്രം ആരോപിക്കുന്നു. 
അതിനിടെ, ഡോക്ടർമാരെ ആക്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് നിർദ്ദേശം നൽകി എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യമന്ത്രിമാർക്ക് കേന്ദ്രമന്ത്രി കത്തെഴുതി. ഡോക്ടർമാരെ സംരക്ഷിച്ചു നിർത്തുന്ന തരത്തിലുള്ള നിയമനിർമാണങ്ങൾ നടത്തുന്ന കാര്യം സംസ്ഥാന സർക്കാരുകൾ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടർമാരുടെ വിവിധ സംഘങ്ങൾ കേന്ദ്ര മന്ത്രിയുമായി ചർച്ച ചെയ്തിരുന്നു. 
പശ്ചിമബംഗാളിന്റെ ഭരണസിരാകേന്ദ്രമായ സംസ്ഥാന സെക്രട്ടറിേയറ്റിൽ താനുമായി ചർച്ചയ്ക്ക് വരാൻ മമതാ ബാനർജി ഡോക്ടർമാരെ ക്ഷണിച്ചിരുന്നു. എന്നാൽ ഡോക്ടർമാർ ഈ ക്ഷണം സ്വീകരിച്ചില്ല. പകരം, ഡോക്ടർ ആക്രമിക്കപ്പെട്ട എൻ.ആർ.എസ് മെഡിക്കൽ കോളേജ് മമത സന്ദർശിക്കണമെന്നും അവിടുത്തെ ഡോക്ടർമാരുമായി സംസാരിച്ച് പ്രശ്‌നം തീർക്കാനുമായിരുന്നു സമരക്കാർ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുമായി അടച്ചിട്ട മുറിക്കകത്തെ യോഗം കൊണ്ട് കാര്യമില്ലെന്നും സുരക്ഷിതമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാർ യോഗത്തിൽനിന്ന് പിൻവാങ്ങിയിരുന്നത്. 
നേരത്തെ സമരക്കാർ പുറംനാട്ടുകാരാണെന്ന് ആരോപിച്ച മമത വീണ്ടും സമരക്കാരെ ചർച്ചയ്ക്ക് വിളിച്ചെങ്കിലും ഡോക്ടർമാർ വഴങ്ങിയില്ല. ഇതിനു പിന്നാലെയാണ് മമത അയഞ്ഞത്. 
ആറ് ദിവസമായി പശ്ചിമബംഗാളിലെ പൊതു ആരോഗ്യമേഖല നിശ്ചലമായിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കേന്ദ്ര മന്ത്രി ഹർഷ് വർധനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. നാലു ദിവസം പ്രതിഷേധദിനം ആചരിക്കുന്ന ഡോക്ടർമാർ തിങ്കളാഴ്ച ദേശവ്യാപക സമരത്തിനും ആഹ്വാനം ചെയ്തിരുന്നു. ഇന്നലെ ദൽഹിയിലെ പതിനഞ്ച് ആശുപത്രിയിലെ ഡോക്ടർമാർ സമരത്തിൽ പങ്കെടുത്തു. സമരം 48 മണിക്കൂർ കൊണ്ട് അവസാനിപ്പിക്കണമെന്ന്  ദൽഹി എ.ഐ.ഐ.എം.എസ് അന്ത്യശാസനം നൽകിയിരുന്നു.
നീൽരത്തൻ സർക്കാർ മെഡിക്കൽ കോളേജിൽ രോഗിയുടെ ബന്ധുക്കളുമായുള്ള സംഘർഷത്തിൽ ജൂനിയർ ഡോക്ടർക്ക് പരിക്കേറ്റതിനെ തുടർന്നാണ് ഡോക്ടർമാർ സമരത്തിലേക്ക് തിരിഞ്ഞത്. സമരം സംസ്ഥാനത്തെ 13 മെഡിക്കൽ കോളേജുകളിലേക്കും ആറ് ജില്ലാ ആശുപത്രികളിലേയ്ക്കും വ്യാപിച്ച് ഗുരുതര പ്രതിസന്ധിയുണ്ടാക്കിയിരുന്നു.
കൊൽക്കത്തയിലെ ഡോക്ടർമാർക്ക് ഐക്യദാർഢ്യവുമായി ദൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഡോക്ടർമാർ രംഗത്തെത്തിയിട്ടുണ്ട്. 
സമരം ബി.ജെ.പിയുടേയും സി.പി.എമ്മിന്റേയും ഗൂഢാലോചനയാണ് എന്നായിരുന്നു മമതയുടെ ആദ്യ ആരോപണം. ഡോക്ടർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന ബി.ജെ.പി, സമരം മമതയുടേയും തൃണമൂൽ സർക്കാരിന്റേയും മുസ്‌ലിം പ്രീണനത്തിന്റെ ഭാഗമായി ഉണ്ടായതാണ് എന്ന പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു പ്രത്യേക സമുദായത്തിൽപെട്ടവർ ഡോക്ടർമാരെ ആക്രമിച്ചു എന്നാണ് ബി.ജെ.പി നേതാവ് മുകൾ റോയ് പറഞ്ഞത്. ജോലി ചെയ്യാത്ത ഡോക്ടർമാർ ഹോസ്റ്റലിൽ നിൽക്കരുത്, പുറത്തുനിന്നുള്ള ഒരാളേയും കാമ്പസിൽ പ്രവേശിപ്പിക്കരുത് എന്നും തുടങ്ങിയ നിർദ്ദേശങ്ങൾ പോലീസിന് നൽകി സമരത്തെ കർശനമായി നേരിടാൻ  മമത ശ്രമം നടത്തിയിരുന്നു. സമരത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നായിരുന്നു മമത ബാനർജിയുടെ ആദ്യ നിലപാട്.
 

Latest News