ലഖ്‌നൗ- ബംഗാളിൽ സർക്കാരിനെതിരെ സമരം ചെയ്യുന്ന ഡോക്ടർമാരേയും അവർക്ക് പിന്തുണ നൽകുന്നവരെയും പിന്തുണക്കുന്നതിനൊപ്പം തന്റെ കാര്യത്തിൽ മൗനം ദീക്ഷിച്ചവരെ വിമർശിച്ച് ഉത്തർപ്രദേശിലെ ഡോക്ടർ കഫീൽ ഖാൻ. ഡോക്ടർ സഹോദരങ്ങൾക്കെതിരെ പശ്ചിമബംഗാളിലുണ്ടായ ആക്രമണത്തിൽ ആശങ്കയും ഭീതിയും രേഖപ്പെടുത്തുന്നതായി കഫീൽ ഖാൻ പറഞ്ഞു. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അക്രമികൾക്കെതിരെ കേന്ദ്രം സുരക്ഷാ നയം ആവിഷ്‌കരിക്കണമെന്നും കഫീൽ ഖാൻ ആവശ്യപ്പെട്ടു. അതേസമയം, യു.പി സർക്കാർ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ എന്തുകൊണ്ട് പ്രതിഷേധമുണ്ടായില്ലെന്നും കഫീൽ ഖാൻ ചോദിച്ചു.
പല ഡോക്ടർമാരും ഇന്ന് എന്നോട് സമരത്തിൽ പങ്കെടുക്കാൻ പറഞ്ഞു. ഞാൻ അവരോട് പറഞ്ഞത് യോഗി ആദിത്യനാഥ് സർക്കാർ എന്നെ പതിനഞ്ച് മാസം സമരത്തിലേയ്ക്ക് എടുത്തിട്ടു. എന്നിട്ടും ആരും അനങ്ങിയില്ല. കഫീൽ ഖാൻ ട്വീറ്റ് ചെയ്തു. ഹൈക്കോടതിയുടേയും സുപ്രീം കോടതിയുടേയും ഉത്തരവുകളുണ്ടായിട്ടും തനിക്ക് തരാനുള്ള വേതനം തരുകയോ സസ്‌പെൻഷൻ പിൻവലിക്കുകയോ ചെയ്തിട്ടില്ലെന്നും കഫീൽ ഖാൻ ചൂണ്ടിക്കാട്ടുന്നു. എനിക്ക് വേണ്ടിയും ഒരു പ്രസ്താവനയിറക്കൂ. ഞാനും നിങ്ങളുടെ തൊഴിൽ ചെയ്യുന്നവനാണ്. എനിക്കും ഒരു കുടുംബമുണ്ട്- കഫീൽ ഖാൻ പറയുന്നു.
ഡോക്ടർമാരുടെ സമരം രാഷ്ട്രീയവത്കരിക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർദ്ധൻ ശ്രമിക്കുന്നത് എന്ന് കഫീൽ ഖാൻ ആരോപിച്ചിരുന്നു.
2017ൽ യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില ബിആർഡി മെഡിക്കൽ കോളേജിൽ ഓക്‌സിജൻ കിട്ടാതെ 60-ലധികം കുട്ടികൾ മരിച്ചിരുന്നു. ഓക്‌സിജൻ വിതരണം ചെയ്യുന്ന ഏജൻസിക്ക് സർക്കാർ പണം നൽകാത്തതാണ് ദുരന്തത്തിന് കാരണമായത്. സ്വന്തം കയ്യിൽനിന്ന് പണമെടുത്ത് സിലിണ്ടർ വരുത്തിയാണ് ബാക്കിയുള്ള കുട്ടികളുടെ ജീവൻ കഫീൽ ഖാൻ രക്ഷിച്ചത്. അതേസമയം യോഗി ആദിത്യനാഥ് കഫീൽ ഖാനെ പരസ്യമായി ശകാരിക്കുകയും പിന്നീട് പ്രതികാര നടപടികൾ തുടങ്ങുകയും ചെയ്തു. കഫീൽ ഖാന് മാസങ്ങളോളം ജയിലിൽ കഴിയേണ്ടി വന്നു. കഫീൽ ഖാന്റെ സഹോദരനെതിരെ പിന്നീട് വധശ്രമവുമുണ്ടായി. കഫീൽ ഖാൻ ഇപ്പോഴും സർവീസിൽനിന്ന് പുറത്താണ്.