ലണ്ടന്‍- ഡ്രൈവിങ്ങിനിടെ ഉറങ്ങിപോയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ വൃദ്ധ മരിച്ച കേസില്‍ ഇന്ത്യന്‍ ഐ.ടി. സംരംഭകയായ അനുഷ രംഗനാഥന് രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ. ഓക്‌സ്ഫഡ് ക്രൗണ്ട കോടതിയാണ് 41കാരിയും ഒന്നരവയസ്സുള്ള കുട്ടിയുടെ അമ്മയുമായ യുവതിയ്ക്ക് ശിക്ഷ വിധിച്ചത്. അപകടകരമായ രീതിയില്‍ അനുഷ വണ്ടിയോടിച്ചതിനെത്തുടര്‍ന്നാണ് പട്രീഷ്യ റോബിന്‍സണ്‍ എന്ന വയോധികയുടെ മരണത്തിന് ഇടയാക്കിയതെന്ന് കോടതി കണ്ടെത്തി
ഓക്‌സ്ഫഡ്ഷയറിലെ ഈസ്റ്റ് ഹാനേയില്‍ കഴിഞ്ഞവര്‍ഷം ജൂലൈ നാലിന് രാവിലെ 11.50നാണ് അപകടമുണ്ടായത്. അനുഷ ഓടിച്ചിരുന്ന ടൊയോട്ട കാറും പട്രീഷ്യയുടെ നിസാന്‍ ഡ്യൂക്കും എ338ല്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ടൊയോട്ട കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ലോറി ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. ഇടിയെത്തുടര്‍ന്ന് ഇരുവാഹനങ്ങളും റോഡിനരികിലെ വയലിലേക്ക് തെറിച്ചുവീണു. കത്തുന്ന കാറില്‍നിന്നാണ് അനുഷയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തിയത്.
ഓക്‌സ്ഫഡ്ഷയറിലെ എറോഡിലൂടെ അമിതവേഗത്തില്‍ വന്ന അനുഷയുടെ ടൊയോട്ട കാര്‍ എതിര്‍ദിശയിലേക്ക് കയറിയാണ് പട്രീഷ്യയുടെ കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കിയത്. കാറിന്റെ പിന്‍സീറ്റിലിരുന്ന അനുഷയുടെ കുഞ്ഞിനും അനുഷയ്ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരെയും രക്ഷിക്കാനായെങ്കിലും പട്രീഷ്യ അഞ്ചാഴ്ചയോളം ആശുപത്രിയില്‍ കിടന്നശേഷം മരിച്ചു. പട്രീഷ്യയുടെ ശരീരത്തിലെ അവയവങ്ങളോരോന്നായി പ്രവര്‍ത്തനരഹിതമാവുകയായിരുന്നു.
അപകടത്തില്‍ പട്രീഷ്യയുടെ ശരീരത്തുണ്ടായ പരിക്കുകള്‍ മാരകമായിരുന്നു. ഇത്രയേറെ പരിക്കുകളേറ്റിട്ടും മരിക്കാതെ ആശുപത്രിയിലെത്തുന്നവര്‍ അപൂര്‍വമാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അത്രയും ശക്തിയോടെയാണ് അനുഷയുടെ കാര്‍ പട്രീഷ്യയുടെ കാറിലിടിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇടിയെത്തുടര്‍ന്ന് അനുഷയുടെ കാറിന് തീപിടിച്ചിരുന്നു. കാറിന്റെ പിന്‍സീറ്റില്‍ ബേബി സീറ്റിലിരിക്കുകയായിരുന്ന കുഞ്ഞ് സീറ്റില്‍നിന്ന് തെറിച്ച് താഴേക്ക് വീഴുകയും ചെയ്തു.