1964 ൽ രണ്ടായി പിളർന്ന ശേഷം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി വളർന്നില്ലെന്നു പറയാൻ കഴിയില്ല. 'കേരളം വളരുന്നു'വെന്ന കവിത പോലെ പശ്ചിമ ദിക്കും അറബിക്കടലുമൊന്നും ഭേദിച്ചില്ലെങ്കിലും വളർച്ച കാണാതിരിക്കരുത്. പെൺകുട്ടികൾ പ്രായപൂർത്തിയാകുന്നതു പോലെ, 1970 നു മുമ്പ് പുര നിറഞ്ഞുനിൽക്കുകയായിരുന്നു പാർട്ടി. താത്വികാചാര്യന്മാരായ ഇ.എം.എസും ഡാങ്കേയും രണ്ടു തട്ടിൽ നിന്നപ്പോഴും 1972 ൽ ചെങ്കോട്ടയിൽ -ദില്ലിയിലാണോ- ചുവപ്പു പതാക ഉയർത്തുമെന്നു സൂചന നൽകിയിട്ടുണ്ട്. അതിൽ രോമാഞ്ചം കൊള്ളാത്ത സഖാക്കൾ ഇന്ത്യയിലില്ല; സോവിയറ്റ് യൂനിയനിലോ ചൈനയിലോ ഇല്ല. എന്തു ചെയ്യാം, തലവര മാറിപ്പോയി. വളർച്ച പടവലങ്ങള പോലെ കീഴ്‌പോട്ടായിപ്പോയി. അതുകൊണ്ട് കുറേയധികം മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും കൈയിൽ ഒതുക്കാൻ കഴിഞ്ഞു.
ഇന്നിപ്പോൾ വീണ്ടും കഥ മാറുന്നു. അഖിലേന്ത്യാ പാർട്ടികളായ ഇരു സഹോദരർകളും തുല്യ ദുഃഖിതരാണ്. അതിനിടയിലാണ് സി.പി.ഐ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങൾ കണ്ടെത്താൻ ഒരു സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്. സമിതിക്ക് ഏതു തലത്തിലും അന്വേഷിക്കാം. അതിനാവശ്യമായ കൈയുറകൾ, കാലുറകൾ, ഓക്‌സിജൻ മാസ്‌ക്, പ്ലാസ്റ്റിക് യൂനിഫോം തുടങ്ങിയ തയാറെടുപ്പുകളുണ്ടാകും. പഞ്ചായത്തു വക കുളം മുതൽ അറബിക്കടൽ വരെ ഇറങ്ങി ആഴത്തിൽ മുങ്ങിത്തപ്പും, വില്ലേജ് ഓഫീസറുടെ ലതർ ബാഗും ടൈപ്പിസ്റ്റിന്റെ മണിപേഴ്‌സും വരെ പരിശോധിക്കും. വല്ലതും തടഞ്ഞാൽ, കമാന്നു മിണ്ടാതെ സംസ്ഥാന കമ്മിറ്റിയുടെ മേശപ്പുറത്തു െവയ്ക്കും. ദേശീയ തലത്തിലും അന്വേഷണമുണ്ടാകുമെങ്കിലും അന്തമില്ലാത്ത ജലത്തിലും രാജസ്ഥാൻ മരുഭൂമിയിലും കമഴ്ന്നു വീണു തപ്പിയിട്ടു കാര്യമില്ലെന്നറിയാവുന്ന സഖാക്കളെ മാത്രമേ ചുമതലയേൽപിക്കൂ. പ്രധാനമായും തോറ്റ നാലു സീറ്റുകൾ അന്വേഷിക്കുമ്പോൾ അതു കേരളത്തിലാകുന്നതാണ് സൗകര്യം. ഇളനീർ കുടിച്ചും മത്തിക്കറി കഴിച്ചും നേരം പോകുന്നതറിയില്ല. തെരഞ്ഞെടുപ്പിന്റെ പേരിൽ സ്ഥാനാർഥികൾ പിരിച്ച ഫണ്ടിന്റെ കാര്യത്തിലാണ് ബുദ്ധിമുട്ട്. അവർ വാതുറന്നു മിണ്ടില്ല. എന്തായാലും മേപ്പടി റിപ്പോർട്ടു കിട്ടും വരെ സുധാകർ റെഡ്ഡി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും താഴേക്കു ചാടിക്കളയരുതെന്ന് മൊത്തം നാഷണൽ കൗൺസിൽ ചർച്ച ചെയ്ത് ആവശ്യപ്പെട്ടിട്ടുണ്ട്. കുറേക്കൂടി ഊർജവും യൗവനവുമുള്ള ഒരു സഖാവിനെ സെക്രട്ടറിയാക്കണമെന്ന് കേരള ഘടകത്തിനാണ് ഏറെ നിർബന്ധം. ഇവിടെ നിന്ന് ആരെയെങ്കിലും നാടുകടത്താൻ പ്ലാനിട്ടിട്ടുണ്ടോ ആവോ! ഏതായാലും ദിവാകരൻ സഖാവ് തയാറാകും. പക്ഷേ, ദില്ലിയിൽ ഓഫീസ് കെട്ടിടം ഉണ്ടാകുമോ? 'ദേശീയ പാർട്ടി' പദവി മുങ്ങിത്താഴുകയാണ്.
**** **** ****
ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെ എന്ന ന്യായം പറഞ്ഞാണ് കണ്ണൂരിലെ എം.പിയായ കെ. സുധാകരൻ ദിവസേന ഷംസീർ എമ്മെല്ലേയെ കുടുക്കാൻ ശ്രമിക്കുന്നത്. സി.ഒ.ടി നസീർ പരിക്കു ഭേദമായി വീട്ടിലെത്തിയപ്പോഴാണ് സുധാകരൻ നേതാവിന് വീര്യം വർധിച്ചത്. കാരണമറിയാൻ പാഴൂരെന്നല്ല, ഒരു പടിപ്പുരയിലും പത്തായപ്പുരയിലും പോകേണ്ടതില്ല. അബ്ദുല്ലക്കുട്ടിയെ പുറത്താക്കിയ നിമിഷം മുതൽ മറ്റൊരു ന്യൂനപക്ഷത്തെ തേടുകയായിരുന്നു നേതാവ്.
മാർക്‌സിസ്റ്റുകാർ ചതച്ചുവിട്ട നസീറിനെയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. മുപ്പതു കൊല്ലത്തേക്ക് മുടങ്ങാതെ തവണയടച്ചു സ്വന്തമാക്കാവുന്ന ഇൻഷുറൻസ് പോളിസിപോലെ വളരെ ശ്രദ്ധാപൂർവമാണ് കോൺഗ്രസ് എം.പി ഇക്കാര്യം കൈകാര്യം ചെയ്യുന്നത്. ഷംസീറിനെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ, തങ്ങൾ നിയമം കൈയിലെടുക്കുമെന്നു വരെ അദ്ദേഹം പ്രഖ്യാപിച്ചു കളഞ്ഞു. കേട്ടവർ കേട്ടവർ നിലത്തും മരക്കൊമ്പിലും ബസ് സ്റ്റാന്റിലും വൈദ്യുതി പോസ്റ്റിലുമൊക്കെ കണ്ണയച്ചു. നിയമം റൂൾത്തടി പോലെയോ വടിവാൾ പോലെയോ വല്ലതുമാണോ എന്നു ശങ്കിച്ചു. പിന്നെ നാട്ടുകാർ സ്വയം സമാധാനിച്ചു. പറഞ്ഞതു സുധാകരനല്ലേ? ആദ്യമായാണോ കൈയിലെടുക്കുന്നത്? അനേകം കേസുകൾ. കേസില്ലെങ്കിൽ ഒരു തരം വല്ലാത്ത ശ്വാസംമുട്ട് അനുഭവിക്കുന്ന ദേഹമാണ്. 'അങ്കക്കലി വന്നാൽ ആനന്ദം കൊള്ളുന്ന' അസ്സൽ കടത്തനാടൻ ചേകവർ. അദ്ദേഹം പ്രസംഗിച്ചെങ്കിലും കലിതീർക്കട്ടെ. ഇരട്ടയായും ചതുഷ്‌കോണമായുമൊക്കെ കൊലപാതകം നടത്തി ക്ഷീണിച്ചുവശായ പാർട്ടി ആയതിനാൽ സി.പി.എം തൽക്കാലം ഒന്നും പ്രതികരിക്കില്ല. 'നവോത്ഥാനം' പൊടി തട്ടിയെടുക്കുന്നതിനുള്ള ശ്രമമാണ്. ഇന്ന് മൂന്നു എം.പിമാരേയുള്ളൂ സ്വന്തമായി. ഇനിയമൊരങ്കത്തിനു ബാല്യമില്ല. സുധാകർജിയുടെ നല്ല കാലം!
**** **** ****
1969 ൽ ഐ.എസ്.ആർ.ഒ രൂപീകരിക്കപ്പെട്ട ശേഷം എത്രയോ ബലൂണുകൾ ഉയർന്നു പൊങ്ങി, താണു വീണു! ഉപഗ്രഹങ്ങൾ പല തവണ പറയന്നുയരുമ്പോഴൊക്കെ എതിർ ഗ്രൂപ്പുകാരെ അതിൽ കയറ്റി ഇരുത്തണേ എന്നു പ്രാർഥിക്കാത്ത ഒരു പാർട്ടി നേതാക്കളും ഇല്ല. എന്നാൽ ആ അസുലഭാവസരം ഇതാ കൈവരുന്നു! 2022 ഓഗസ്റ്റ് 15 ന് പറന്നുയരുന്ന പേകടത്തിൽ രണ്ടു ബഹിരാകാശ സഞ്ചാരികൾ ഉണ്ടാകും. അതിനു യോഗ്യതയുള്ളവരെ അന്വേഷിക്കുകയാണെന്നു ചെയർമാൻ. യോഗ്യതാ മാനദണ്ഡം വെളിപ്പെടുത്തിയിട്ടില്ല. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലുള്ളവരെ കൂടി പരിഗണിക്കണമെന്നേ പറയാനുള്ളൂ. കുറച്ചുകാലം മുമ്പ് വരെ 'വിഭാഗീയത' പരിഗണിച്ച് വി.എസ്. അച്യുതാനന്ദനെ അങ്ങോട്ടയയ്ക്കുവാൻ അദ്ദേഹത്തിന്റെ പാർട്ടിക്കാരിൽ പലരും ആഗ്രഹിച്ചിരുന്നു. എന്നാൽ പ്രായാധിക്യവും ഭരണ പരിഷ്‌കാര കമ്മീഷന്റെ താങ്ങാനാകാത്ത ഭാരവും നിമിത്തം സഖാവ് ഒഴിവാക്കപ്പെട്ടിരിക്കുന്നു. ലോക്‌സഭാ പരാജയത്തിന്റെ പേരിൽ സഖാവ് കേന്ദ്ര കമ്മിറ്റിക്ക് ഒരു കത്തയച്ചുവെങ്കിലും, അത് ബഹിരാകാശത്തേക്ക് കയറ്റി അയക്കുവാൻ തക്ക യോഗ്യതയാണെന്ന അംഗീകാരം നേടിയില്ല. ഏത് ഒഴിവു വരുമ്പോഴും അത് അപ്പനും മോനും കൂടി പങ്കിട്ടെടുക്കുന്ന വിദ്യ കാട്ടുന്ന ജന്മനാ എം.പി ആയ വീരേന്ദ്ര കുമാറിനെയും ശ്രേയാംസ് പുത്രനെയും പരിഗണിക്കണേ എന്നു മനമുരുകി പ്രാർഥിക്കുന്നവർ ജനതാദൾ, ലോക്ദൾ പാർട്ടികളിലുണ്ട്. പക്ഷേ അവർക്കു വേണ്ടി ശുപാർശ ചെയ്യാൻ ദില്ലിയിൽ 'പിടിപാടുള്ളവർ ഇല്ല. കോൺഗ്രസിൽനിന്നും കെ. സുധാകരന് ബഹിരാകാശ നോമിനേഷന് ശുപാർശ ചെയ്യാൻ സതീശൻ പാച്ചേനി തയാറെടുക്കുന്നതായാണ് അബ്ദുല്ലക്കുട്ടിയുടെ സൂചന. തലസ്ഥാനത്ത് ഹാട്രിക് വിജയം നേടിയതിനാൽ, ഇനിയൊട്ടും വൈകാതെ തരൂർജിയെ നാടുകടത്തി സീറ്റ് കൈക്കലാക്കണമെന്ന് മോഹിക്കുന്നവർ ധാരാളം. അവർ ദില്ലി മുതൽ കന്യാകുമാരി വരെ പരന്നുകിടക്കുന്നു. ഒന്നിച്ചാൽ തരൂരിനെ പേകടത്തിൽ കയറ്റാം. കുമ്മനത്തിനു വേണ്ടി ദില്ലിവാലകളും അതിനെ അനുകൂലിച്ചേക്കും. തരൂർജി രംഗത്തില്ലെങ്കിൽ കുമ്മനം വീണ്ടും തിരുവനന്തപുരത്ത് മത്സരിക്കാൻ മടിക്കില്ല. തോൽവി പ്രശ്‌നമേയല്ല. ഏതിനും ഒരു വിവാദമുണ്ടാകുക ഒരു ഭാഗ്യമാണ്. പത്തു മടങ്ങാണ് പബ്ലിസിറ്റി കിട്ടുക. കേരളത്തിൽ ആ ഭാഗ്യദേവത കടാക്ഷിക്കാറുള്ളത് സിനിമാ അവാർഡുകളെയാണ്. ഇക്കുറി കേരള ലളിത കലാ അക്കാദമിയെയും അനുഗ്രഹിച്ചു! കാർട്ടൂൺ മത്സരത്തിൽ സുഭാഷ് വരച്ച ഒരു 'പൂവൻ കോഴിത്തലയന്റെ' ചിത്രത്തിന് ഒന്നാം സമ്മാനം കിട്ടി. ജൂറിയംഗങ്ങൾ അക്കാദമിക്കു പണികൊടുത്തതാണോ എന്നറിയില്ല. കാര്യം ബിഷപ്പുമാരെ തട്ടിയുണർത്തി.
ഫ്രാങ്കോ മുളയ്ക്കൽ എന്ന പീഡന വീരനെ ആക്ഷേപിച്ചതു വഴി തങ്ങളെയെല്ലാം ആ വകുപ്പിൽ പെടുത്തിതയാണോ എന്ന് അവർക്കു ശങ്ക. പൂവൻ കോഴി മുട്ടയിടുന്ന പതിവില്ലെങ്കിലും സമീപത്തു മറ്റൊരു പീഡനക്കേസുണ്ടായിരുന്നത് ആരും ഗൗനിച്ചില്ല. പി. ശശി എന്നൊരു സഖാവിനെ പുറത്താക്കുകയും അകത്തു കയറ്റുകയും ചെയ്ത സംഭവം ആരും മറന്നാലും പാർട്ടിക്കു മറക്കാനാകുമോ? ഷൊർണൂരിലും കണ്ണൂരിലുമുള്ള 'ശശി'മാർ വരുത്തിവെച്ച കളങ്കം കൂടി കാർട്ടൂണിലുണ്ടായിരുന്നുവത്രേ! മന്ത്രി ബാലൻ സഖാവ് വിടുമോ? അക്കാദമിയെ ചാടിച്ചു. ചില പ്രമാദമായ ക്രിമിനൽ കേസുകളിൽ പുനരന്വേഷണം നടത്തുന്നതു പോലെയാണ് ആ പാവം കാർട്ടൂണിനെ പുനഃപരിശോധനയ്ക്കു വിധേയമാക്കാൻ പോകുന്നത്. ഇതിനിടക്ക് മിനിറ്റു കണക്കിന് ആ കാർട്ടൂണിസ്റ്റിന് ലോകമെമ്പാടും നിന്ന് മൊബൈൽ ഫോൺ വഴി കല്ലേറും പൂമാലയും ഡസൻ കണക്കിനു ലഭിക്കുന്നുമുണ്ട്. അവാർഡിന്റെ നൂറിരട്ടി പരസ്യം കിട്ടയതിനു പുറമെ, അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം കൂടി സുഭാഷിനു വന്നു ചേർന്നിരിക്കുന്നുവെന്നാണ് ഇതര കലാകാരന്മാർ പറഞ്ഞു നടക്കുന്നത്.
എന്തായാലും കാർട്ടൂണുകൾക്ക് കഷ്ട കാലമാണ്.
ന്യൂയോർക്ക് ടൈംസ് ഇസ്രായിൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പേർ പറഞ്ഞിട്ടാണെങ്കിലും രാഷ്ട്രീയ കാർട്ടൂൺ ഏർപ്പാട് നിർത്തിവെച്ചു. ചെന്നൈ - കൽക്കത്ത- മുംബൈ - കേരളം വഴി കാർട്ടൂണിസ്റ്റുകളെ വിറപ്പിക്കുന്ന സംഭവങ്ങൾ അരങ്ങേറുന്നു. യോഗിയുടെ യു.പിയിൽ പത്രപ്രവർത്തകരനെ തല്ലിച്ചതച്ച ശേഷം മൂത്രം കുടിപ്പിച്ചുവത്രേ! പോലീസുകാരുടെ പഴയ ടെക്‌നിക് തന്നെ! ഇനി അഖിലേന്ത്യാ തലത്തിൽ അഴിമതി അവസാനിപ്പിക്കാൻ ഒരുങ്ങുന്ന പുതിയ സർക്കാരിന്റെ നടപടികൾ എന്തൊക്കെയാണെന്നാണ് അറിയേണ്ടത്. അഴിമതിയെയാണോ, അഴിമതി ചൂണ്ടിക്കാണിക്കുന്നതിനെയാണോ അവസാനിപ്പിക്കുവാൻ എളുപ്പം എന്നാലോചിക്കുമ്പോൾ ആരും ഒന്നു ഭയക്കും.