ന്യൂ ദൽഹി - ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ സമ്മിറ്റിന്റെ രണ്ടാം ദിവസം, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും തമ്മിൽ ആശംസകൾ കൈമാറിയതായി റിപ്പോർട്ട്. നേതാക്കളുടെ സ്വീകരണമുറിയിൽ വച്ച് കണ്ടുമുട്ടിയപ്പോൾ പതിവ് ആശംസകളിലൂടെ അഭിവാദ്യമർപ്പിച്ചു എന്നാണ് വിവിധ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.
പുൽവാമ ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് ഇരു പ്രധാനമന്ത്രിമാരും കണ്ടുമുട്ടുന്നത്. വ്യാഴാഴ്ച, കിർഗിസ്ഥാൻ പ്രസിഡൻറ് സൂരോൺബെ ജീൻബെക്കോവ് നടത്തിയ അത്താഴവിരുന്നിൽ ഇരുവരും കണ്ടതായി ഭാവിച്ചില്ലെന്ന റിപ്പോർട്ടുണ്ടായിരുന്നു. വെള്ളിയാഴ്ച നടന്ന സമ്മിറ്റിന്റെ ആദ്യ മീറ്റിങ്ങിൽ, തീവ്രവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തി കണക്കു പറയിക്കണമെന്ന് പ്രധാനമന്ത്രി മോഡി ആവശ്യപ്പെട്ടിരുന്നു. ഭീകരതയ്ക്കെതിരായി പാക്കിസ്ഥാൻ എന്തെങ്കിലും നടപടികൾ എടുത്തിനു ശേഷമേ ഇത് സംബന്ധിച്ച ചർച്ചകൾ നടത്തൂ എന്നും ചൈനീസ് പ്രസിഡന്റ് സി ജിങ്പ്പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിൽ മോഡി വ്യക്തമാക്കി.
സമാന്തര ചർച്ചകൾക്ക് തയ്യാറാണെന്ന് പാകിസ്ഥാൻ വിദേശ കാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി എസ്.സി.ഒ സമ്മിറ്റിനു മുൻപായി ഇന്ത്യയെ അറിച്ചിരുന്നു. കശ്മീർ അടക്കമുള്ള കാര്യങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇമ്രാൻ ഖാനും പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
കഴിഞ്ഞ വർഷം ചൈനയിലെ ക്വിങ്ദാവോയിൽ നടന്ന എസ്.സി.ഒ സമ്മിറ്റിൽ പ്രധാനമന്ത്രി മോഡി അന്നത്തെ പാകിസ്ഥാൻ പ്രസിഡന്റ് മംനൂൺ ഹുസൈനുമായി കൈകൊടുത്ത് ആശംസകൾ കൈമാറിയിരുന്നു.