ന്യൂദല്‍ഹി- കേരളത്തില്‍ സി.പി.എം നേതൃത്വത്തിന് അടിമുടി വീഴ്ച പറ്റിയെന്ന കുറ്റപ്പെടുത്തലുമായി പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണ മികവ് ജനങ്ങള്‍ ഏറെ മതിപ്പോടെ നോക്കിക്കണ്ടുവെങ്കിലും അതു വോട്ടാക്കി മാറ്റുന്നതില്‍ പാര്‍ട്ടിക്ക് പരാജയം സംഭവിച്ചു.
നവോത്ഥാനത്തിന്റെ പേരില്‍ കേരളത്തില്‍ അവതരിപ്പിച്ച വനിതാ മതിലിന് പിന്നാലെ യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തിയത് ബി.ജെ.പി അടക്കമുള്ള എതിരാളികള്‍ സി.പി.എമ്മിനെതിരായ ആയുധമാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വോട്ടെടുപ്പിന് ശേഷവും വന്‍ വിജയം നേടുമെന്ന വലിയ ആത്മവിശ്വാസത്തിലായിരുന്നു കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍. ജനവികാരം മനസ്സിലാക്കുന്നതില്‍ എന്തു കൊണ്ടു പരാജയപ്പെട്ടു എന്നതില്‍ വലിയ പരിശോധന ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫിന് വന്‍തോതില്‍ വോട്ട് മറിച്ചിട്ടും ബി.ജെ.പിക്ക് 15.56 ശതമാനം വോട്ട് നേടാന്‍ കഴിഞ്ഞത് ആശങ്കയോടെ നോക്കിക്കാണണമെന്ന് കേന്ദ്ര നേതൃത്വം മുന്നറിയിപ്പു നല്‍കുന്നു.
പരാജയത്തിന്റെ നിഴല്‍ മുന്‍കൂട്ടി കാണാനോ ജനവികാരം തിരിച്ചറിയാനോ സംസ്ഥാനത്തെ നേതാക്കള്‍ക്കു കഴിഞ്ഞില്ല. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥി ആയതോടെ ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമായി ഏകീകരിക്കപ്പെട്ടു. സംസ്ഥാന നേതൃത്വമാകട്ടെ, സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് മുന്നോട്ട് വെച്ച ലക്ഷ്യങ്ങള്‍ കണക്കിലെടുക്കാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും 22 പേജുള്ള റിപ്പോര്‍ട്ടില്‍ കേരളത്തെ വിശകലനം ചെയ്യുന്ന ഭാഗത്ത് കുറ്റപ്പെടുത്തുന്നു.
2014 ല്‍ സി.പി.എമ്മിന്റെ വോട്ട് 40.2 ശതമാനം ആയിരുന്നത് ഇത്തവണ 35.1 ശതമാനമായി കുറഞ്ഞു. അടിയന്തരാവസ്ഥക്കുശേഷം 1977ല്‍ നടന്ന തെരഞ്ഞെടുപ്പിലുണ്ടായതിനു സമാനമായ തിരിച്ചടിയാണ് കേരളത്തിലുണ്ടായത്. മോഡിയോടും ബി.ജെ.പി സര്‍ക്കാരിനോടുമുള്ള ഭയം ജനാധിപത്യ, മതേതര വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായി ഏകീകരിക്കുന്നതിന് സഹായകമായി. ക്രൈസ്തവ, മുസ്‌ലിം വിഭാഗങ്ങള്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. ശബരിമല വിധി നടപ്പാക്കുക മാത്രമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മുന്നിലുണ്ടായിരുന്ന ഏക വഴി. എന്നാല്‍, വിശ്വാസികളുടെ ആശയക്കുഴപ്പം യു.ഡി.എഫും ബി.ജെ.പിയും സി.പി.എമ്മിനെതിരെ ഉപയോഗിച്ചു. പരമ്പരാഗത വോട്ടുകള്‍ പാര്‍ട്ടിക്ക് നഷ്ടമായി.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ബി.ജെ.പി കോണ്‍ഗ്രസിന് വോട്ടുമറിച്ചു. ബി.ജെ.പിയുടെ വളര്‍ച്ച തടയാന്‍ കഴിയുന്നില്ല. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ സി.പി.എമ്മിനെതിരെ ദുഷ്ടലാക്കോടെയുള്ള പ്രചാരണം നടന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ പാര്‍ട്ടി പ്രതിക്കൂട്ടിലാകുന്ന സാഹചര്യമുണ്ടാകാതെ നോക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ അതേ രീതിയിലുള്ള വോട്ടിംഗല്ല പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.