കൊല്‍ക്കത്ത- വോട്ടിങ് യന്ത്രങ്ങള്‍ ഉപേക്ഷിച്ച് ബാലറ്റ്‌പേപ്പര്‍ സംവിധാനത്തിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ഏകമാര്‍ഗം ബാലറ്റ്‌പേപ്പര്‍ സംവിധാനത്തിലേക്ക് മടങ്ങുകയെന്നതാണെന്ന് അവര്‍ അവകാശപ്പെട്ടു. ഇക്കാര്യം ആവശ്യപ്പട്ട് ജൂലായ് 21 ന് പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്നും അവര്‍ വ്യക്തമാക്കി.
വോട്ടിങ് യന്ത്രങ്ങളില്‍ 2019 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി തിരിമറികാട്ടിയെന്ന് അവര്‍ ആരോപിച്ചു. 'വോട്ടിങ് യന്ത്രങ്ങള്‍ പ്രോഗ്രാം ചെയ്യാത്തപക്ഷം ബിജെപിക്ക് വിജയിക്കാന്‍ കഴിയില്ലായിരുന്നു. തിരഞ്ഞെടുപ്പിനിടെ പല വോട്ടിങ് യന്ത്രങ്ങളും കേടായപ്പോള്‍ പരിശോധനയ്ക്ക് വിധേയമാക്കാത്ത പുതിയ യന്ത്രങ്ങളാണ് എത്തിച്ചത്. അത് ആസൂത്രിതം ആയിരുന്നുവോയെന്ന് ആര്‍ക്കറിയാം. പുതിയ യന്ത്രങ്ങളുടെ വിശ്വാസ്യത ആരെങ്കിലും പരിശോധിച്ചുവോ' അവര്‍ ചോദിച്ചു.
തെരഞ്ഞെടുപ്പിന് ഇനി വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കേണ്ടതില്ല എന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാട്. ബാലറ്റ് പേപ്പറുകളാണ് ഉപയോഗിക്കേണ്ടത്. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വോട്ടുചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ നേരത്തെ പ്രക്ഷോഭം നടത്തിയിരുന്നു. 13 പ്രവര്‍ത്തകര്‍ക്കാണ് അന്ന് പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടത്. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ അന്ന് ഉന്നയിച്ച ആവശ്യം അംഗീകരിക്കപ്പെട്ടു. ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ആവശ്യവും അംഗീകരിക്കപ്പെടുമെന്ന് ഉറപ്പാണെന്നും അവര്‍ വ്യക്തമാക്കി.