ന്യൂദല്‍ഹി- മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ രാജ്യസഭ കാലാവധി ഇന്ന് അവസാനിച്ചു. നിലവില്‍ അസമില്‍ നിന്നുള്ള എം.പിയാണ് അദ്ദേഹം.
കോണ്‍ഗ്രസിന് മതിയായ എംഎല്.എമാര്‍ അസമിലില്ലാത്തതിനാല്‍ അസമില്‍ നിന്ന് വീണ്ടും എം.പിയായി രാജ്യസഭയിലേക്കെത്താന്‍ മന്‍മോഹന്‍ സിംഗിന് കഴിയില്ല. 43 അംഗങ്ങളുടെ പിന്തുണ വേണ്ടിടത്ത് കോണ്‍ഗ്രസിന് 25 എം.എല്‍.എമാര്‍ മാത്രമേ അസമിലുള്ളു.
എന്നാല്‍, മധ്യപ്രദേശ്, കര്‍ണ്ണാടക, ഛത്തീസ്ഗഢ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ആവശ്യമായ പിന്തുണ ഉണ്ട്. പക്ഷെ, ഈ സംസ്ഥാനങ്ങളില്‍ നിലവില്‍ രാജ്യസഭയിലേക്ക് ഒഴിവില്ല.അതേസമയം, മുന്‍ പ്രധാനമന്ത്രിയെ രാജ്യസഭയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന്റെ മുന്‍പിലുള്ള ഏക ആശ്രയം തമിഴ്‌നാടാണ്. തമിഴ്‌നാട്ടില്‍ ഒഴിവുവരുന്ന രാജ്യസഭ സീറ്റുകളില്‍ ഒരെണ്ണമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
മന്‍മോഹന്‍ സിംഗിനായി ഒരു സീറ്റ് വിട്ട് നല്‍കാന്‍ ഡിഎംകെ ഒരുക്കമാണ്. മന്‍മോഹന്‍ സിംഗിന്റെ സാന്നിധ്യം പാര്‍ലമെന്റില്‍ അനിവാര്യമാണെന്ന അഭിപ്രായമാണ് ഡിഎംകെയ്ക്ക് ഉള്ളത് എന്നത് തന്നെ കാരണം. അതേസമയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇത്തരത്തിലൊരാവശ്യവുമായി പാര്‍ട്ടിയെ സമീപിച്ചിട്ടില്ല എന്നും വക്താവ് പറഞ്ഞു.1991ലാണ് അസമില്‍ നിന്ന് ആദ്യമായി മന്‍മോഹന്‍ സിംഗ് രാജ്യസഭയിലെത്തിയത്.