Sorry, you need to enable JavaScript to visit this website.

മാതൃഭാഷാ മൗലികവാദം  ഉപേക്ഷിക്കണം 

പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനായുള്ള സർക്കാരിന്റെ നടപടികൾ വിജയകരമാകുന്നു എന്നാണ് വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവരുടെ അവകാശവാദം. പൊതുവിദ്യാലയങ്ങളിലെ സൗകര്യങ്ങളും പഠന നിലവാരവും മെച്ചപ്പെടുന്നു എന്നും അതിനാൽ തന്നെ കുട്ടികളുടെ എണ്ണം വർധിക്കുന്നു എന്നും സർക്കാർ അവകാശപ്പെടുന്നു. സർക്കാരിനെ അവിശ്വസിക്കേണ്ടതില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പുതിയൊരു വിവാദം ഉയർന്നുവന്നിട്ടുണ്ട്. പൊതുവിദ്യാഭ്യാസത്തിന്റ അവിഭാജ്യ ഭാഗമായി പൊതുവിൽ കരുതപ്പെടുന്ന മലയാളം മീഡിയത്തിനു പകരം ഇംഗ്ലീഷ് മീഡിയം വ്യാപകമാകുന്നതാണത്. പൊതുവിദ്യാലയങ്ങളിലായാലും ഇംഗ്ലീഷ് മീഡിയത്തിലേക്കാണ് കൂടുതൽ കുട്ടികളും എത്തുന്നത്. അതിനാൽ തന്നെ പൊതുവിദ്യാലയങ്ങളിൽ വ്യാപകമായി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കുന്നതാണ് വിവാദമായിരിക്കുന്നത്. പൊതുവിദ്യാഭ്യാസത്തിന്റെ അന്തഃസത്ത തകർക്കുന്നതാണിതെന്നാണ് ഉയർന്നുവരുന്ന വിമർശനം. 
ഒരു കുഞ്ഞ് ചിന്തിക്കുന്നതു പോലും മാതൃഭാഷയിലാണെന്നും അതിനാൽ അധ്യയന മാധ്യമം മലയാളമാക്കണമെന്നും ഒരു ഭാഷ എന്ന രീതിയിൽ ഇംഗ്ലീഷ് പഠിപ്പിച്ചാൽ മതിയെന്നുമാണ് ഉയരുന്ന പ്രധാന വാദം. കേൾക്കുമ്പോൾ ശരിയെന്നു തോന്നുന്ന വാദം. എന്നാൽ ആധുനിക കാലത്ത് ഇതെത്ര മാത്രം പ്രായോഗികമാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ആധുനിക കാലത്തെ ഉന്നത പഠനത്തിലും തൊഴിൽ സാധ്യതകളിലും ഇംഗ്ലീഷിനു വലിയ പ്രാധാന്യമുണ്ട്. ഗൃഹാതുരത്വത്തിന്റെയോ ഭാഷാ മൗലികവാദത്തിന്റെയോ പേരിൽ അതു മറക്കരുത്.  തീർച്ചയായും മാതൃഭാഷകൾ സംരക്ഷിക്കപ്പെടണം. എന്നാലത് മൗലികവാദപരമാകരുത്. 
മാതൃഭാഷ പഠിക്കൽ നിർബന്ധിതമാക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ മറ്റു വിഷയങ്ങളും മാതൃഭാഷയിൽ തന്നെ പഠിക്കണം എന്ന നിലപാട് യാഥാർത്ഥ്യ ബോധത്തിനു നിരക്കുന്നതാണന്നു പറയാനാകില്ല. ഉദാഹരണം ശാസ്ത്രപഠനം.  നമ്മുടെ മാതൃഭാഷയായ മലയാളം സംസാരിക്കുന്നത് കഷ്ടിച്ച് നാലു കോടി ജനങ്ങളാണ്. ലോക ജനസംഖ്യയുടെ അര ശതമാനമേ ഉള്ളൂ നമ്മൾ. കേരളം എന്ന വളരെ ചെറിയൊരു പ്രദേശത്താണ് നമ്മൾ കഴിഞ്ഞുകൂടുന്നത്. അതാകട്ടെ, വ്യാവസായികമായോ കാർഷികമായോ മുന്നോട്ടു പോകാത്ത, തൊഴിൽ സാധ്യത തീരെയില്ലാത്ത പ്രദേശം. നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഇത് നമ്മുടെ വലിയൊരു പരിമിതി തന്നെയാണ്. പലതും പറഞ്ഞു ഫലിപ്പിക്കാനാവാതെ നമ്മുടെ കൊച്ചുഭാഷ കിടന്ന് കിതയ്ക്കുകയേ ഉള്ളൂ. ശാസ്ത്രം എന്നത് ഇന്നു വരെയുള്ള അറിവുകളുടെ സഞ്ചയമാണ്. 
അത് ഇപ്പോൾ തന്നെ അതിവിശാലമാണ്. ദിനംപ്രതി വളർന്നുകൊണ്ടിരിക്കുന്നതുമാണ്. അത് കൈകാര്യം ചെയ്യാനുള്ളത്രയും വലിപ്പമുള്ള പദസഞ്ചയം നമ്മുടെ ഭാഷയ്ക്ക് ഇല്ല. അക്കാദമിക തലത്തിൽ ശാസ്ത്രം പഠിക്കുന്ന ഒരാളുടെ മുന്നിലെ പ്രധാന വഴി ശാസ്ത്ര ഗവേഷണമാണ്. മലയാളം എന്ന ഭാഷയിലോ കേരളമെന്ന പ്രദേശത്തോ ഒതുങ്ങിനിന്ന് ഇത് സാധിച്ചെടുക്കുക എന്നത് ഏതാണ്ട് അസാധ്യമാണ്. പഠിക്കുന്ന വിഷയത്തിൽ ഒരു സംശയം വന്നാൽ നിങ്ങൾ ഇക്കാലത്ത് അതേപ്പറ്റി അന്വേഷിക്കുന്നത് ഇന്റർനെറ്റിലായിരിക്കും. അവിടെ മലയാളത്തിലുള്ള സർചിങ് കാര്യമായ പ്രയോജനം ചെയ്യില്ല എന്നുറപ്പാണ്. പറഞ്ഞുവന്നത്, ശാസ്ത്ര പഠനത്തിലെങ്കിലും മലയാളിക്ക് മാതൃഭാഷ പര്യാപ്തമാകില്ല. മറ്റു പല മേഖലകളും കാര്യമായി വ്യത്യസ്തമല്ല. 
നമ്മുടെ തൊഴിൽ സാധ്യതകൾ കൂടുതലും പുറത്തായതിനാൽ തന്നെ പലപ്പോഴും അറിയുന്നതു പോലും പറയാനാകാതെ പുറന്തള്ളപ്പെടുന്നു. ഈ വിഷയങ്ങളും പരിഗണിച്ചാകണം മാതൃഭാഷയുടെ സംരക്ഷണത്തിനായുള്ള പോരാട്ടം തുടരാൻ. മലയാളികൾ പിറകിൽ പോകുന്നത് ഭാഷാപരമായും എതിർലിംഗക്കാരോടുള്ള പെരുമാറ്റത്തിലുമാണെന്ന് ബാംഗ്ലൂരില പ്രമുഖ ഐ.ടി സ്ഥാപനത്തിന്റെ എം.ഡി പറഞ്ഞത് ഓർമ വരുന്നു. 
ഇതുമായി ബന്ധപ്പെട്ട് വേറെയും പ്രശ്‌നങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. ലോകത്ത്  ഒരു വശത്ത് രാഷ്ട്രീയമായ അതിർവരമ്പുകൾ ശക്തമാണെങ്കിലും മറുവശത്ത് അവ തകരുകയുമാണ്. അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളിൽ മലയാളികളും പെടും. ഇന്ന് കേരളവും ആ ദിശയിലാണ്. ലക്ഷക്കണക്കിനു ഇതര സംസഥാന തൊഴിലാളികളാണല്ലോ ഇവിടെ ഉപജീവനം നടത്തുന്നത്. 
അവരിൽ നമ്മുടെ താൽപര്യം അടിച്ചേൽപിക്കാമോ? ജനാധിപത്യപരവും ബഹുസ്വരവുമാണ് എല്ലാ സമൂഹങ്ങളും. പരസ്പരം കൊണ്ടും കൊടുത്തും ഭാഷകൾ വളരും. തളരും. ഒരു ഭാഷയും അടിച്ചേൽപിക്കരുത്.  ഭാഷാ മൗലികവാദപരമായ നിലപാടുകളും പാടില്ല. നിരവധി ഭാഷകൾ സംസാരിക്കുന്ന കോസ്‌മോ പൊളിറ്റൻ സംസ്‌കാരത്തിലേക്കാണ് കേരളം നീങ്ങുന്നത്. അതത്ര മോശപ്പെട്ട കാര്യമല്ല. അങ്ങോട്ടു പഠിപ്പിക്കുക മാത്രമല്ല, ഇങ്ങോട്ടു പഠിക്കാനും നാം തയാറാവണം. ഭാഷാപരമായ തുല്യതയാണ് ആവശ്യം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭാഷാ ന്യൂനപക്ഷങ്ങളുടെ താൽപര്യവും സംരക്ഷിക്കണം. 
കാസർകോട്ടും മറ്റും അത് പ്രകടമാണ്. അറബി ഭാഷയുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിൽ മൂന്നു പേർ വെടിയേറ്റു മരിച്ച സംഭവം പോലും കേരളത്തിലുണ്ടായിട്ടുണ്ട്. 1980 റമദാൻ ദിനത്തിൽ മലപ്പുറത്തായിരുന്നു സംഭവം. ആദിവാസി ഭാഷകളുടെ പലതിന്റെയും മരണത്തിനു കാരണം മലയാളമാണെന്നതും മറക്കരുത്. 
അടുത്തിടെ കേരളത്തിലെത്തിയ ദളിത് ചിന്തകൻ കാഞ്ചെ ഐലയ്യ പറഞ്ഞതും ഈ സാഹചര്യത്തിൽ പ്രസക്തമാണ്. അത് ഇപ്രകാരമായിരുന്നു. 'ദളിതർക്കും ആദിവാസികൾക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകാൻ സർക്കാർ നടപടി സ്വീകരിക്കണം. ഭൂമി നേടിയെടുക്കുന്നതിൽ മാത്രം ഒതുങ്ങേണ്ടതല്ല ദളിത്, ആദിവാസി വിമോചന സമരം. ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസത്തിനായി അവർ പോരാടണം. ഇംഗ്ലീഷ് വിദ്യാഭ്യാസം വരേണ്യ വർഗത്തിന് മാത്രം പ്രാപ്യമായാൽ പോരാ. ആദിവാസികൾക്കും ദളിതർക്കും പ്രൈമറി തലം മുതൽ സർക്കാർ ഇംഗ്ലീഷ് വിദ്യാഭ്യാസവും കംപ്യൂട്ടർ പരിജ്ഞാനവും നൽകണം. 
അവരെ ദേശീയ, അന്താരാഷ്ട്ര തലങ്ങളിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ഇതിലൂടെ മാത്രമേ കഴിയൂ.' ഉന്നതകുല ജാതരെല്ലാം ഇംഗ്ലീഷിൽ തന്നെ പഠിക്കുന്നു എന്നും ഇപ്പോൾ ദളിതർക്ക് ഉന്നത പഠനത്തിനായുളള സാധ്യതകൾ കൂടിവരുമ്പോൾ മാതൃഭാഷക്കായുള്ള കോലാഹലം തങ്ങൾക്ക് പ്രതികൂലമാണെന്നുമുള്ള അദ്ദേഹത്തിന്റെ വാദം തള്ളിക്കളയാനാവില്ല.  മാത്രമല്ല, ഇവരുന്നയിക്കുന്ന മാതൃഭാഷയൊന്നുമല്ല ഭൂരിഭാഗം ദളിതരുടെയും ആദിവാസികളുടെയും മാതൃഭാഷ. കേരളത്തിലത് മലയാളവുമല്ല. മാതൃഭാഷാ അധ്യയനം പോലുള്ള പൊതുവിദ്യാഭ്യാസ മൂല്യങ്ങളുടെ ആദർശ ഭാരം അടിസ്ഥാന ജനവിഭാഗങ്ങളുടെ മേൽ അടിച്ചേൽപിക്കേണ്ടതില്ല. ഐലയ്യ പറയുന്നത് ദളിത് ആദിവാസികളും പിന്നോക്ക വിഭാഗങ്ങളും മിനിമം സി ബി എസ് ഇ സ്‌കൂളിൽ പഠിക്കട്ടെ എന്നാണ്.  ആ സമുദായങ്ങൾക്ക് കാത്തു നിൽക്കാൻ സമയമില്ല. അവർക്ക് അതിജീവനത്തിന് (വ്യക്തിപരമായും സാമൂഹികമായും) ഓരോ ദിവസത്തെ സമയം പോലും വളരെ പ്രധാനമാണ്. അവരിൽ നിന്ന് എത്രയും വേഗം ബുദ്ധിജീവികളും പ്രൊഫഷണലുകളും ഉണ്ടാകേണ്ടതുണ്ടെന്നാണ്. 
ചുരുക്കത്തിൽ പൊതുവിദ്യാഭ്യാസം സംരക്ഷിക്കപ്പെടണമെന്നതിൽ സംശയമില്ല. എന്നാൽ വിദ്യാഭ്യാസത്തിന്റ മാധ്യമം മലയാളമാകണമെന്ന പിടിവാശി ഉപേക്ഷിക്കുന്നതായിരിക്കും അതിനു സഹായകമാവുക. പുതിയ കാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ പുതുതലമുറയെ പ്രാപ്തരാക്കാനും ഈ പിടിവാശി ഗുണം ചെയ്യില്ല.
ദളിതർക്കും ആദിവാസികൾക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകാൻ സർക്കാർ നടപടി സ്വീകരിക്കണം. ഭൂമി നേടിയെടുക്കുന്നതിൽ മാത്രം ഒതുങ്ങേണ്ടതല്ല ദളിത്, ആദിവാസി വിമോചന സമരം. ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസത്തിനായി അവർ പോരാടണം. ഇംഗ്ലീഷ് വിദ്യാഭ്യാസം വരേണ്യ വർഗത്തിന് മാത്രം പ്രാപ്യമായാൽ പോരാ. ആദിവാസികൾക്കും ദളിതർക്കും പ്രൈമറി തലം മുതൽ സർക്കാർ ഇംഗ്ലീഷ് വിദ്യാഭ്യാസവും കംപ്യൂട്ടർ പരിജ്ഞാനവും 
നൽകണം. 

Latest News