സൈബീരിയ - 40,000 വർഷങ്ങൾക്കു മുൻപ് മരിച്ച ചെന്നായയുടെ തല മഞ്ഞിൽ പുതഞ്ഞ നിലയിൽ സൈബീരിയയിൽ നിന്ന് കണ്ടെടുത്തു. കൊടും മഞ്ഞിൽ മരവിച്ച നിലയിലായിരുന്നു. കണ്ണുകൾ ഒഴികെ പല്ല്, മൂക്ക്,തലച്ചോർ എന്നിവയോടു കൂടി രോമത്തിൽ പൊതിഞ്ഞ നിലയിലാണ് തല.
യകുത്തിയ നിവാസിയായ പാവൽ യെഫിമോവ് ആണ് തിരക്യാ നദീ തീരത്തു നിന്ന് തല കണ്ടെടുക്കുന്നത്. ആർട്ടിക് വലയത്തിനു സമീപത്തായാണ് യകുത്തിയപ്രദേശം.
കണ്ടെടുത്ത ഉടൻ തല യകുത്തിയയിലെ സയൻസ് അക്കാദമിക്ക് കൈമാറി. ജപ്പാനിലെയും സ്വീഡനിലെയും ശാസ്ത്രജ്ഞന്മാർക്ക് സാമ്പിളുകൾ അയച്ചു കൊടുത്തതിൽ നിന്നാണ് 40,000 വർഷം പഴക്കമുണ്ടെന്ന് കണ്ടെത്തിയത്.
റോയിട്ടേഴ്‌സ് ടി.വി യിലൂടെ പൊതുജനങ്ങൾക്കായി പ്രദർശനം നൽകിയിട്ടുണ്ട്. ഇപ്പോഴുള്ള ചെന്നായ്ക്കളെക്കാളും വലിയ തലയാണ് ഇതിനുള്ളത്. പല്ലുകൾ തെളിഞ്ഞു കാണാം.
ചെന്നായയുടെ തല പ്ലാസ്റ്റിനേഷൻ നടത്താനാണ് തീരുമാനം. വെള്ളവും കൊഴുപ്പും എടുത്തു കളഞ്ഞ് പ്ലാസ്റ്റിക് കൊണ്ട് പുനഃസ്ഥാപിക്കുന്നതിനെയാണ് പ്ലാസ്റ്റിനേഷൻ എന്ന് പറയുന്നത്. ഇത് കോശങ്ങളുടെ ദ്രവീകരണം തടയുന്നതിനാൽ പരീക്ഷണങ്ങൾ നടത്താൻ ഉപകരിക്കും.