ബംഗളൂരു- കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാർ വികസിപ്പിക്കുന്നു. രണ്ടു പുതിയ മന്ത്രിമാരെ കൂടി ഉൾപ്പെടുത്തിയാണ് മന്ത്രിസഭ വികസിപ്പിക്കുന്നത്. 34 മന്ത്രിമാരെ ഉൾപ്പെടുത്താവുന്ന കർണാടക മന്ത്രിസഭയിൽ നിലവിൽ മൂന്നു പേരുടെ ഒഴിവുണ്ട്. കോൺഗ്രസിന് 22 ഉം ജെ.ഡി.എസിന് പന്ത്രണ്ടും മന്ത്രിമാരാണുള്ളത്. നിലവിലുള്ള ഒഴിവിൽ ജെ.ഡി.എസിന് രണ്ടും കോൺഗ്രസിന് ഒന്നും മന്ത്രിമാരെ ഉൾപ്പെടുത്താം. സ്വതന്ത്ര എം.എൽ.എ നാഗേഷ്, കെ.പി.ജെ.പിയുടെ ഏക അംഗം ആർ. ശങ്കർ എന്നിവരാണ് പുതിയ മന്ത്രിമാർ. ശങ്കർ നേരത്തെ മന്ത്രിസഭയിലുണ്ടായിരുന്നു. മന്ത്രിസഭ പുനസംഘടനയെ തുടർന്ന് സ്ഥാനം നഷ്ടമായ ശങ്കർ പിന്നീട് സർക്കാറിനുള്ള പിന്തുണ പിൻവലിച്ചുവെന്നറിയിച്ച് ഗവർണർക്ക് കത്ത് നൽകിയിരുന്നു. ഈ എം.എൽ.എമാരെ കൂട്ടി സർക്കാറിനെ മറിച്ചിടാൻ ബി.ജെ.പി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നാണ് ഇരുവരും വീണ്ടും പഴയ മുന്നണിയിലേക്ക് തന്നെ വന്നത്.