മുംബൈ- മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ നീക്കം. ഈ വർഷം അവസാനത്തോടെയാണ് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ശിവസേനയുടെ രാജ്യസഭ എം.പി സഞ്ജയ് റാവത്താണ് ആദിത്യ താക്കറെയുടെ പുതിയ പദവി സംബന്ധിച്ച് സൂചന നൽകിയത്. ആദിത്യ താക്കറെ നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളുടെ തിരക്കിലാണെന്നും താക്കറെ കുടുംബം ഒരിക്കലും ഡപ്യൂട്ടി പദവികൾ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. താക്കറെ കുടുംബം സംസ്ഥാന ദേശീയ രാഷ്ട്രീയത്തിൽ അഭിമാനകരമായ സ്ഥാനമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി സ്ഥാനാർത്ഥി സംബന്ധിച്ചുള്ള പരാമർശങ്ങളോട് യോജിക്കാനോ വിയോജിക്കാനോ ആദിത്യ താക്കറെ തയ്യാറായില്ല. ഇത് സംബന്ധിച്ച് ഒന്നും പ്രതികരിക്കാനില്ലെന്നും പിന്നീട് പറയാമെന്നും ആദിത്യ താക്കറെ പറഞ്ഞു. നിലവിൽ മഹാരാഷ്ട്ര സഖ്യ സർക്കാറിന്റെ ഭാഗമാണ് ശിവസേന. ബി.ജെ.പിയാണ് മുഖ്യമന്ത്രി സ്ഥാനത്ത്. കുറേ വർഷങ്ങളായി ഇരുപാർട്ടികളും തമ്മിൽ അസ്വാരസ്യം നിലനിന്നിരുന്നുവെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും യോജിച്ചാണ് മത്സരിച്ചത്. അതേസമയം, അടുത്ത തെരഞ്ഞെടുപ്പിലും വിജയിച്ചാൽ തങ്ങൾ തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനം വഹിക്കുക എന്നാണ് ബി.ജെ.പി വാദം. മുഴുവൻ പാർട്ടി പ്രവർത്തകരും ബി.ജെ.പി മുഖ്യമന്ത്രിക്ക് തുടരുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകണമെന്ന് പാർട്ടി നേതാവ് സുധീർ മുൻഗാൻടിവാർ പറഞ്ഞു. 288 അംഗ സംസ്ഥാന നിയമസഭയിൽ ബി.ജെ.പിയും ശിവസേനയും 135 വീതം സീറ്റുകളിലായിരിക്കും മത്സരിക്കുക. പതിനെട്ട് സീറ്റ് മറ്റു കക്ഷികൾക്കായി മാറ്റി വെച്ചിട്ടുണ്ട്. 2014-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും വെവ്വേറെയായാണ് മത്സരിച്ചത്. ബി.ജെ.പി 122 സീറ്റുകൾ നേടി. പിന്നീട് ബി.ജെ.പിയോടൊപ്പം ചേർന്ന് ശിവസേന മന്ത്രിസഭയുടെ ഭാഗമാകുകയായിരുന്നു.