ന്യൂ ദൽഹി - വിദ്യാർത്ഥിയായ ഡോക്ടറെ അക്രമിച്ചതിനെതിരെ രാജ്യ വ്യാപകമായി നടത്തുന്ന പ്രതിഷേധം മുറുകുന്നു. ദൽഹിയിലും മുംബൈയിലും ഹൈദരാബാദിലും ഒരു പറ്റം ഡോക്ടർമാർ സേവനം നിർത്തി വച്ചു. ദൽഹി ആൾ ഇന്ത്യ മെഡിക്കൽഇൻസ്റ്റിറ്റ്യുട്ടിൽ ഹെൽമറ്റും ബാൻഡേജും ധരിച്ചാണ് ഡോക്ടർമാർ പരിശോധിക്കാനെത്തിയത്.
മരണപ്പെട്ട രോഗിയുടെ ബന്ധുക്കൾ കൊൽക്കത്തയിലെ ഗവൺമെന്റ് ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ മർദ്ദിച്ചതിനെത്തുടർന്ന് ബംഗാളിലെ ഡോക്ടർമാർ ചൊവ്വാഴ്ച മുതൽ സമരം തുടരുകയാണ്. മുഖ്യമന്ത്രി മമതാ ബാനർജിയുടെ അന്ത്യശാസനം ഡോക്ടർമാർ തള്ളിക്കളഞ്ഞു. മെച്ചപ്പെട്ട സുരക്ഷ ലഭിക്കാതെ ജോലിയിൽ പ്രവേശിക്കില്ലെന്ന തീരുമാനത്തിലാണ് ഡോക്ടർമാർ. രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഐ.എം.എ കഴിഞ്ഞ ദിവസം ആഹ്വാനം നൽകിയിരുന്നു. പ്രതിഷേധ സൂചകമായി രാജ്യത്തെ എല്ലാ ഡോക്ടർമാരും കറുത്ത ബാഡ്ജ് ധരിക്കാനും ഐ.എം.എ ആവശ്യപ്പെട്ടു .
കൊൽക്കൊത്തയിൽ എൻ.ആർ.എസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥി പരിബഹ മുഖർജിയാണ് ആൾക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായത്. ആക്രമണത്തിൽ ഡോക്ടറുടെ തലയ്ക്ക് ഗുരുതരമായ പരുക്ക് പറ്റിയിട്ടുണ്ട്.