വാഷിങ്ടൺ - അക്ഷരത്തെറ്റിൽ വീണ്ടും ട്രോൾ കുരുക്കിൽ വീണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടുത്തിടെ ഇംഗ്ലണ്ടിലെ ചാൾസ് രാജകുമാരനെ സന്ദർശിച്ച കാര്യം ട്വിറ്ററിൽ എഴുതിയപ്പോഴാണ് ട്രംപിന് അക്കിടി പറ്റിയത്. 'പ്രിൻസ് ഓഫ് വെയിൽസ്' (Prince of Wales) എന്നതിന് പകരം തിമിംഗലങ്ങളുടെ രാജകുമാരൻ എന്നർത്ഥം വരുന്ന 'പ്രിൻസ് ഓഫ് വേൽസ്' (Prince of Whales) എന്നാണ് ട്രംപ് എഴുതിയത്.
ട്രംപിന്റെ അക്കിടി സോഷ്യൽ മീഡിയയിൽ ട്രോൾ തരംഗത്തിന് വഴി വച്ചിരിക്കുകയാണ്. മനഃപൂർവം ചെയ്തു എന്നർത്ഥത്തിൽ 'പർപ്പസ്' എന്ന വാക്ക് മാറ്റി 'പോർപ്പസ്' (കടൽപ്പന്നി) എന്നെഴുതി ചില ട്രംപ് വിമർശകർ അതേ നാണയത്തിൽ തിരിച്ചടിച്ചു.
കഴിഞ്ഞയാഴ്ചയാണ് ഡൊണാൾഡ് ട്രംപ് ഇംഗ്ലണ്ട് സന്ദർശിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ സ്മരണ പുതുക്കൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു ട്രംപ്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ട്രംപിന് 61 ദശ ലക്ഷത്തോളം ഫോളോവെഴ്‌സ് ഉണ്ട്.