Sorry, you need to enable JavaScript to visit this website.

പാലത്തിന്റെ കമ്പി എണ്ണലല്ല മന്ത്രിയുടെ പണി- ഇബ്രാഹിം കുഞ്ഞ്

കൊച്ചി- പാലാരിവട്ടം മേല്‍പാലത്തിന്റെ തകര്‍ച്ചയുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ. പാലത്തിന്റെ നിര്‍മാണത്തിന് എത്ര സിമന്റ് ഉപയോഗിച്ചുവെന്നും കമ്പി എത്രയെണ്ണം ഇട്ടുവെന്നുമൊക്കെ നോക്കാന്‍ ഒരു മന്ത്രിക്ക്് കഴിയില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഭരണാനുമതി നല്‍കുകയാണ് മന്ത്രി ചെയ്യുന്നത്. അതു കഴിഞ്ഞ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് അത് നോക്കേണ്ടതെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. മേല്‍പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയിരുന്നുവെന്ന കെ.ബി ഗണേഷ്‌കുമാറിന്റെ വാദവും ഇബ്രാഹിം കുഞ്ഞ് തള്ളി. ഒരു പരാതിയും നല്‍കിയിട്ടില്ലെന്ന് ഇത് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. പരാതിയുണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും അത് അന്വേഷിക്കുമായിരുന്നുവെന്നും മുന്‍മന്ത്രി പറഞ്ഞു. പാലാരിവട്ടം മേല്‍പാലവുമായി ബന്ധപ്പെട്ട്് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ പരാമര്‍ശം സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം പലതും പറയാറുണ്ടെന്നായിരുന്നു മറുപടി. വിജിലന്‍സ് അന്വേഷണം വന്നാല്‍ അതിനോട്് സഹകരിക്കുമെന്നും ചോദ്യത്തിന് മറുപടിയായി വി.കെ.ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.

 

Latest News