മുംബൈ - ഇന്ത്യയിൽ ഒട്ടാകെ വീശിയടിച്ച #metoo മൂവ്മെന്റിന് കാരണമായ പീഢന കേസ് മുംബൈ പോലീസ് അവസാനിപ്പിച്ചു. ബോളിവുഡ് നടി തനുശ്രീ ദത്തയുടെ, നടൻ നാന പടേക്കറിനെതിരായ കേസാണ് മതിയായ തെളിവുകളില്ല എന്ന പേരിൽ അവസാനിപ്പിച്ചത്.
'ബി സമ്മറി' റിപ്പോർട്ട് സമർപ്പിച്ചാണ് മുബൈ പോലീസ് കേസ് അവസാനിപ്പിച്ചതെന്ന് എ.എൻ.ഐ റിപ്പോർട് ചെയ്തു. കേസ് മുന്നോട്ടു കൊണ്ട് പോകാൻആവശ്യമായ തെളിവുകൾ ഇല്ലാതിരിക്കുമ്പോഴാണ് 'ബി സമ്മറി' ഫയൽ ചെയ്യുക.
കേസ് അവസാനിപ്പിച്ചതിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് തനുശ്രീ ദത്തയുടെ അഭിഭാഷകൻ നിതിൻ സത്പുടെ അറിയിച്ചു. കേസ് അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായ വിവരങ്ങൾ ഒന്നും കിട്ടിയില്ലെന്നും നിതിൻ പറഞ്ഞു. സാക്ഷികളുടെ പ്രസ്താവനകൾ റെക്കോർഡ് ചെയ്യാതെയാണ് അന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കുന്നതെന്നും നിതിൻ കുറ്റപ്പെടുത്തി.
2009 ൽ 'ഹോൺ ഓക്കേ പ്ലീസ്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ നാന പടേക്കർ പീഡിപ്പിച്ചു എന്നായിരുന്നു തനുശ്രീ പരാതിപ്പെട്ടത്. സെറ്റിലേക്ക് ഗുണ്ടകളെ അയച്ച് തന്നെയും മാതാപിതാക്കളെയും ഭീഷണിപ്പെടുത്തിയതായും തനുശ്രീ പരാതിപ്പെട്ടിരുന്നു.
പ്രിയങ്ക ചോപ്ര, ഫർഹാൻ അക്തർ, ട്വിങ്കിൾ ഖന്ന, സോനം കപൂർ എന്നിവർ തനുശ്രീക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.