റായ്ബറേലി - കിഴക്കൻ യു.പി കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയെ 2022 യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് കോൺഗ്രസ്സ് പ്രവർത്തകർ പാർട്ടിയോട് ആവശ്യപ്പെട്ടു. പാർട്ടിയുടെ പുനരുദ്ധാരണത്തിന് പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം ആവശ്യമാണെന്നാണ് പാർട്ടി നേതാക്കൾ കരുതുന്നതെന്ന് മുൻ വരാണസി എം.പി രാജേഷ് മിശ്ര പറഞ്ഞു. ഇക്കാര്യം പാർട്ടി ആലോചിക്കണമെന്നും പ്രവർത്തകർ ഇത് പ്രിയങ്കയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റായ്ബറേലിയിൽ നടന്ന സോണിയ ഗാന്ധിയുടെ തെരഞ്ഞെടുപ്പാനന്തര റാലിയിൽ സംസാരിക്കുകയായിരുന്നു രാജേഷ് മിശ്ര. "ബി.ജെ.പിക്കെതിരെ വെല്ലുവിളിയായി പ്രിയങ്ക ഗാന്ധിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം പരിഗണിക്കണം.പ്രിയങ്കയുടെ വീട് തോറുമുള്ള പ്രചാരണം തീർച്ചയായും യു.പി ഗവൺമെൻറ് കോൺഗ്രസിന്റേതാകാൻ സഹായിക്കും. " അദ്ദേഹം പറഞ്ഞു.
റാലിയിൽ, കോൺഗ്രസ് പ്രവർത്തകരുടെ നിഷ്ക്രിയത്വമാണ് പരാജയത്തിന് കാരണമെന്ന് പ്രിയങ്ക പറഞ്ഞു. പ്രവർത്തകരുടെ പ്രകടനത്തെ കുറിച്ച് വിലയിരുത്തി തീരുമാനമെടുക്കുമെന്ന് പ്രിയങ്ക അറിയിച്ചു. റാലിക്കു ശേഷം ബ്യുമോ ഗസ്റ്റ്ഹൗസിൽ നടന്ന അത്താഴവിരുന്നിൽ പ്രാദേശിക നേതാക്കളും ബൂത്ത് പ്രവർത്തകരും പങ്കെടുത്തു.