കോയമ്പത്തൂർ - ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് ആസൂത്രണം നടത്തിയെന്നാരോപിച്ച് 6 തമിഴ്നാട്ടുകാരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽ ഏഴിടങ്ങളിലായി കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് 6 പേരെ സംശയത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തത്. 26 നും 32 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് പിടിയിലായിരിക്കുന്നത്. ഭീകര സംഘടനയായ ഐ.എസിന്‍റെ ആശയങ്ങൾ പ്രചരിപ്പിച്ച് റിക്രൂട്ടിങ് നടത്തുകയായിരുന്നു എന്നാണ് കുറ്റാരോപണം.
32 കാരൻ മുഹമ്മദ് അസ്ഹറുദ്ധീൻ ആണ് പിടിയിലായവരിൽ പ്രധാനി. ശ്രീലങ്കയിലെ ഈസ്റ്റർ ദിന ബോംബാക്രമണത്തിലെ സൂയിസൈഡ് ബോംബറായിരുന്ന സഹ്‌റാൻ ഹാഷിമിൻറെ ഫേസ്‌ബുക്ക് സുഹൃത്താണ് ഇയാൾ . അറസ്റ്റിലായ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുമെന്ന് എന്‍.ഐ.എ വൃത്തങ്ങൾ അറിയിച്ചു. കേരളത്തിലും തമിഴ്‍നാട്ടിലും ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി എന്‍.ഐ.എ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.