പോർബന്തർ - ഇന്ന് വൈകിട്ടോടെ ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കുമെന്ന് കരുതിയിരുന്ന 'വായു' ചുഴലിക്കാറ്റിന്റെ ദിശ മാറി. തിരിച്ച് വീണ്ടും അറബിക്കടലിലേക്ക് സഞ്ചാരപഥം മാറ്റിയതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
എന്നിരുന്നാലും തീരപ്രദേശത്ത് ശക്തമായ കാറ്റിനും കടൽ ക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ 'റെഡ്' അലേർട്ട് പിൻവലിച്ചിട്ടില്ല. അടുത്ത 24 മുതൽ 48 മണിക്കൂർ വരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 52 ടീമുകൾ രക്ഷാപ്രവർത്തനത്തിന് സന്നദ്ധരായി തീരപ്രദേശത്ത് തന്നെയുണ്ട്. കേന്ദ്ര സർക്കാർ അവസ്ഥ നിരന്തരമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തിരുന്നു.
ചുഴലിക്കാറ്റ് വാർത്തയെ തുടർന്ന് പശ്ചിമ റെയിൽവേ 70 ഓളം ട്രെയിനുകൾ റദ്ദാക്കിയിരുന്നു. അപകട സാധ്യത പൂർണമായും ഇല്ലാതാകുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ചുഴലിക്കാറ്റ് മുംബൈയിലും പ്രത്യാഘാതമുണ്ടാക്കിയതിനാൽ നാനൂറോളം വിമാനങ്ങളുടെ സമയം മാറ്റിയതായി എയർ പോർട്ട് അധികൃതർ അറിയിച്ചു.