Sorry, you need to enable JavaScript to visit this website.

അലിഗഢ് സർവകലാശാലയുടെ ഭൂമി  സർക്കാർ തിരിച്ചെടുക്കുന്നു -കെ.ടി.ജലീൽ

തിരുവനന്തപുരം- സംസ്ഥാന സർക്കാർ പെരിന്തൽമണ്ണയിലെ അലിഗഢ് മുസ്‌ലിം സർവകലാശാലക്ക് കൈമാറിയ 385 ഏക്കർ ഭൂമി സർക്കാർ തന്നെ തിരിച്ചെടുക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി.ജലീൽ. സർവകലാശാലയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ കേന്ദ്ര സർക്കാരിന് താത്പര്യമില്ലെങ്കിൽ സംസ്ഥാന തലത്തിൽ വിദ്യാഭ്യാസ പദ്ധതികൾ ഈ സ്ഥലത്ത് നടപ്പാക്കുന്നത് പരിഗണിക്കും. കേന്ദ്ര മന്ത്രിയുമായി ചർച്ച ചെയ്ത ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതെന്നും മന്ത്രി കെ.ടി.ജലീൽ നിയമസഭയെ അറിയിച്ചു. 
ഏറെ പ്രതീക്ഷയോടെയാണ് സർക്കാർ ഈ ഭൂമി ഏറ്റെടുത്ത് നൽകിയത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ നയങ്ങളുടെ ഭാഗമായാണ് സർവകലാശാലയുടെ പ്രവർത്തനം അവതാളത്തിലായത്. നിലവിൽ മൂന്ന് കോഴ്‌സുകൾ മാത്രമാണ് ഇവിടെയുള്ളത്. പുതിയ സർക്കാർ അധികാരമേറ്റ സാഹചര്യത്തിൽ കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തി സർവകലാശാലയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ശ്രമം നടത്തും. എന്നാൽ സർവകലാശാലയുമായി മുന്നോട്ട് പോകാൻ കേന്ദ്ര സർവകലാശാലക്ക് താത്പര്യമില്ലെങ്കിൽ ഈ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുക്കും.
സംസ്ഥാനത്ത് ഓപൺ സർവകലാശാല അടുത്ത അധ്യയന വർഷം ആരംഭിക്കും. നിലവിലുള്ള എല്ലാ സർവകലാശാലകളുടെയും വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഓപൺ സർവകലാശാലകളുടെ മേഖലാ കേന്ദ്രങ്ങളാക്കും. ഇതു സംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ട്. വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ ഓപൺ സർവകലാശാലയുടെ വിദ്യാർഥികളായി മാറും. സർവകലാശാലകളുടെ ഏകീകൃത കലണ്ടർ 75 ശതമാനം പൂർത്തിയായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ മാസം 24ന് ബിരുദ വിദ്യാർഥികളുടെയും 30ന് ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെയും ക്ലാസുകൾ ആരംഭിക്കും. അടുത്ത അധ്യയന വർഷം ഒന്നു മുതൽ ബിരുദാനന്തര ബിരുദ തലം വരെ ഒറ്റദിവസം ക്ലാസുകൾ ആരംഭിക്കും. അടിസ്ഥാന സൗകര്യങ്ങളുള്ള സർക്കാർ, എയ്ഡഡ് കോളജുകളിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കും. എൻജിനീയറിംഗ് കോളേജുകളിൽ ഈ വർഷം ആരംഭിച്ച ന്യൂജൻ കോഴ്‌സുകളായ ഫുഡ് ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിസൈൻ എൻജിനീയറിംഗ്, റോബോട്ടിക് ഓട്ടോമേഷൻ എന്നിവ അടുത്ത അധ്യയന വർഷം വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


 

Latest News