ലഖ്‌നൗ- ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അപകീര്‍ത്തിയുണ്ടാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയ ജയില്‍ മോചിതനായി. യു.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി മാധ്യമ പ്രവര്‍ത്തകനെ ഉടന്‍ മോചിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകന് ജാമ്യം ലഭിച്ചെങ്കിലും വിവാദ വിഡിയോ ഷെയര്‍ ചെയ്തതിന് അറസ്റ്റിലായ മറ്റു അഞ്ചുപേരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
യോഗി ആദിത്യനാഥിനോട് താന്‍ വിവാഹാഭ്യര്‍ഥന നടത്തിയെന്ന് അദ്ദേഹത്തിന്റെ ഓഫീസിനു പുറത്തുനിന്ന് ഒരു സ്ത്രീ പറയുന്നതിന്റെ വീഡിയോ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഷെയര്‍ ചെയ്തുവെന്ന് ആരോപിച്ചാണ് പോലീസ് ഈ മാസം എട്ടിന് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. സമാനമായ നാല് കേസുകള്‍കൂടി ഫയല്‍ ചെയ്താണ് അദ്ദേഹത്തെ ജയിലിലടച്ചിരുന്നത്.
പ്രശാന്ത് ഉള്‍പ്പെടെ ആറുപേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രശാന്തിന്റെ ഭാര്യ ജഗീഷാ അറോറ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഉടന്‍ ജാമ്യത്തില്‍ വിട്ടയക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. 20,000 രൂപയുടെ ബോണ്ടിന്മേലും രണ്ട് ആള്‍ ജാമ്യത്തിലുമാണ് ഇദ്ദേഹത്തെ വിട്ടയച്ചത്.