ആഗ്ര - ഉത്തർ പ്രദേശ് ബാർ കൗൺസിൽ പ്രസിഡന്റ് ദർവേശ് യാദവ് (38) സഹപ്രവർത്തകൻറെ വെടിയേറ്റ് മരിച്ചു. ആഗ്ര ജില്ലാ കോടതി പരിസരത്ത് സഹപ്രവർത്തകനായ മനീഷ് ശർമയാണ് ദർവേശിനെതിരെ വെടിയുതിർത്തത്. ബാർ കൗൺസിലിന്റെ ആദ്യ വനിതാ പ്രസിഡന്റായിരുന്നു ദർവേശ്.
രണ്ടു ദിവസങ്ങൾക്കു മുൻപാണ് ദർവേശിനെ ബാർ കൗൺസിൽ പ്രസിഡന്റായി തിരഞ്ഞെടുക്കുന്നത്. സിവിൽ കോടതി സന്ദർശിക്കുന്നതിനായി വരുമ്പോഴായിരുന്നു സംഭവം. മനീഷ് മൂന്നു തവണ നിറയൊഴിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. ദർവേശിനെ ആദരിക്കുന്ന പരിപാടി തുടങ്ങിയ ഉടൻ തന്നെ മനീഷ് എഴുന്നേറ്റ് വെടി വയ്ക്കുകയായിരുന്നു.
ലൈസൻസ് ഉള്ള തോക്കുപയോഗിച്ചാണ് വെടി വച്ചതെന്ന് ആഗ്ര സിറ്റി അഡീഷണൽ സൂപ്രണ്ടന്റ് പ്രവീൺ വർമ്മ പറഞ്ഞു. കൊലപാതകത്തിനുള്ള കാരണം എന്താണെന്ന് അറിവായിട്ടില്ല. ദർവേശിൻറെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനയച്ചു.