ന്യൂദല്‍ഹി-ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിമാനത്തിന് തങ്ങളുടെ വ്യോമപരിധിയിലൂടെ കടന്നുപോകാന്‍ പാക്കിസ്ഥാന്‍ അനുമതി നല്‍കിയിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് അനുമതി നല്‍കണമെന്ന ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. അപേക്ഷ പാക് സര്‍ക്കാര്‍ ഔദ്യോഗികമായി
അംഗീകരിച്ചെന്നും ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു. കിര്‍ഗിസ്ഥാനിലെ ബിഷ്‌കേകില്‍ ജൂണ്‍ 13,14 തീയതികളില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടി പങ്കെടുക്കുന്നതിനായുള്ള യാത്രയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് പാക് വ്യോമ പരിധിയിലൂടെ യാത്ര ആവശ്യമായി വന്നത്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോഡി പാക്കിസ്ഥാന്‍ വ്യോമപരിധിയിലൂടെ സഞ്ചരിക്കില്ല എന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി ഒമാന്‍, ഇറാന്‍, മറ്റു മധ്യേഷ്യന്‍ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാവും ബിഷ്‌കേകില്‍ എത്തുക. ബാലാകോട്ട് മിന്നലാക്രമണത്തിന് ശേഷം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമ പരിധിയില്‍ പ്രവേശനം നിഷേധിച്ചിരുന്നു. 11 വ്യോമപാതകളില്‍ ദക്ഷിണ പാക്കിസ്ഥാനിലൂടെ കടന്നു പോകുന്ന രണ്ട് പാതകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. മെയ് 21ന് എസ് സി ഒ യോഗത്തില്‍ പങ്കെടുക്കുന്നതിനായി സുഷമാ സ്വരാജിന്റെ വിമാനത്തിനും പാക്കിസ്ഥാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, വാണിജ്യ സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരുകയാണ്. പാക് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യന്‍ വ്യോമ സേന മെയ് 31ന് നീക്കിയിരുന്നു.
പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.