അങ്കാറ - ഖത്തറിലെ സൈനിക താവളം അടച്ചുപൂട്ടില്ലെന്ന് തുർക്കി വ്യക്തമാക്കി. ഖത്തറിലെ തുർക്കി സൈനിക താവളം അടച്ചുപൂട്ടണമെന്നത് ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പ്രധാന ഉപാധികളിൽ ഒന്നായി സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങൾ മുന്നോട്ടു വെച്ചിട്ടുണ്ട്. ഇതേക്കുറിച്ച റിപ്പോർട്ടുകൾ പുറത്തു വന്നതോടെയാണ് സൈനിക താവളം അടച്ചുപൂട്ടില്ലെന്ന് തുർക്കി വ്യക്തമാക്കിയത്. തുർക്കി പ്രതിരോധ മന്ത്രി ഫിക്‌രി ഇസിക് ആണ് ഇക്കാര്യത്തിലുള്ള തുർക്കി നിലപാട് വ്യക്തമാക്കിയത്. സൈനിക താവളം അടച്ചുപൂട്ടണമെന്ന ആവശ്യം തുർക്കിയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഇടപെടലാണെന്ന് വിശേഷിപ്പിച്ച മന്ത്രി ഖത്തറിലെ സൈനിക താവളം ഖത്തറിന്റെയും മേഖലയുടെയും സുരക്ഷ സംരക്ഷിക്കുമെന്നും അവകാശപ്പെട്ടു.
ഖത്തറിൽ തുർക്കി സൈനിക താവളം സ്ഥാപിക്കുന്നതിന് 2014 ലാണ് ഇരു രാജ്യങ്ങളും കരാർ ഒപ്പുവെച്ചത്. കഴിഞ്ഞയാഴ്ച കരാർ തുർക്കി പാർലമെന്റ് പാസാക്കിയിരുന്നു. സൈനിക താവളത്തിന്റെ നിർമാണം പൂർത്തായിട്ടില്ലെങ്കിലും നിരവധി സൈനികരെയും യുദ്ധോപകരണങ്ങളും ഇതിനകം തുർക്കി ഇവിടെ വിന്യസിച്ചിട്ടുണ്ട്. അഞ്ച് കവചിത വാഹനങ്ങളും 23 തുർക്കി സൈനികരും വ്യാഴാഴ്ച ദോഹയിലെത്തി. നേരത്തെ തന്നെ ഇവിടെ 88 സൈനികരെ വിന്യസിച്ചിട്ടുണ്ട്. അറബ് ലോകത്തെ ആദ്യത്തെ തുർക്കി സൈനിക താവളമാണിത്. അടുത്ത വർഷത്തോടെ സൈനിക താവളത്തിന്റെ നിർമാണം പൂർത്തിയാകും.