മുംബൈ - ബിഹാറിൽ നിന്നുള്ള 2100 കർഷകരുടെ വായ്പകൾ ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ തിരിച്ചടച്ചു. വായ്പയെടുത്ത കർഷകരിൽ നിന്ന് 2100 പേരെ തിരഞ്ഞെടുത്ത് വായ്പ തിരിച്ചടക്കുകയായിരുന്നു. ബാങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ വഴിയും നേരിട്ടും പണം നൽകിയതായി ബച്ചൻ ട്വീറ്റ് ചെയ്തു.
മക്കളായ ശ്വേത ബച്ചൻ, അഭിഷേക് ബച്ചൻ എന്നിവരാണ് മുംബൈയിലെ വസതിയിൽ പണം വിതരണം ചെയ്തത്. വായ്പ തിരിച്ചടച്ചതിലൂടെ 'വാഗ്ദാനം നിറവേറ്റി' എന്നും ബച്ചൻ ട്വീറ്റ് ചെയ്തു.
ഇത് ആദ്യമായല്ല ബച്ചൻ കർഷകരെ സഹായിക്കുന്നത്. കഴിഞ്ഞ വർഷം ഉത്തർ പ്രദേശിലെ ആയിരത്തോളം കർഷകരുടെ വായ്പ, താരം തീർത്തു കൊടുത്തിരുന്നു. പുൽവാമയിൽ രാജ്യത്തിനായി ജീവൻ ബലി കഴിച്ച ജവാന്മാരുടെ വിധവകളെ സാമ്പത്തികമായി സഹായിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ബച്ചൻ ട്വിറ്ററിലൂടെ വെളിപ്പെടുത്തി.