"വായിൽ മൂത്രമൊഴിച്ചു"; യു.പിയിൽ പത്രപ്രവർത്തകന് പോലീസുകാരുടെ ക്രൂര മർദനം 

ഷാംലി - യു.പിയിൽ നിന്ന് സുഖകരമല്ലാത്ത വാർത്ത വീണ്ടും. പശ്ചിമ യു.പിയിൽ പത്ര പ്രവർത്തകനെ ഒരു കൂട്ടം പോലീസുകാർ  തല്ലി ചതയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ന്യൂസ് 24 ടി വി ചാനൽ സ്ട്രിങ്ങർ അമിത് ശർമയ്ക്കാണ് മർദനമേറ്റത്.  റെയിൽ വേ പോലീസ് മർദിക്കുന്നതായാണ് വീഡിയോയിൽ. 'ദയവു ചെയ്തു നിർത്തൂ' എന്ന് ഇയാൾ യാചിക്കുന്നതും കാണാം. 

ഷംലിയിൽ തീവണ്ടി പാളം തെറ്റിയത് റിപ്പോർട്ട് ചെയ്യുന്നതിനിടയിലായിരുന്നു മർദനമെന്ന് അമിത് പറയുന്നു.  സാധാരണ വസ്ത്രമാണ് അവർ ധരിച്ചിരുന്നത്. ആദ്യം കാമറ ആക്രമിക്കുകയായിരുന്നു. നിലത്തു വീണ കാമറ എടുക്കുമ്പോഴായിരുന്നു ക്രൂര മർദനം. ലോക്കപ്പിലിടുകയും വിവസ്ത്രനാക്കുകയും വായിൽ മൂത്രമൊഴിക്കുകയും ചെയ്‌തെന്ന് അമിത്  പറയുന്നു. 

ഉത്തർ പ്രദേശിൽ പത്രക്കാർക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ മൂന്നാമത്തേതാണിത്. മുഖ്യമന്ത്രി യോഗിക്കെതിരെ ട്വീറ്റ് ചെയ്തതിന് അറസ്റ്റിലായ പത്രപ്രവർത്തകനെ കഴിഞ്ഞ ദിവസം സുപ്രീം കോടതി നിർദേശത്തെ തുടർന്ന് പുറത്തിറക്കിയിരുന്നു. സംഭവം വൈറലായതിനെ തുടർന്ന് ഷാംലി എസ് . എച്ച്. ഒ ജി.ആർ.പി രാകേഷ് കുമാറിനെയും കോൺസ്റ്റബിൾ സഞ്ജയ് പവാറിനെയും അറസ്റ്റ് ചെയ്‌തെന്ന് ഉത്തർ പ്രദേശ് പോലീസ് ട്വീറ്റ് ചെയ്തു. 

Latest News